സംഘടനാപാടവത്തിന് അംഗീകാരം ; കെ.സിയ്ക്ക് ഇനി രാജ്യസഭയില്‍ പുതിയ ദൗത്യം

Jaihind News Bureau
Friday, June 19, 2020

രാജ്യസഭ എംപി പദത്തിൽ കെസി വേണുഗോപാലിന് പുതിയ ദൗത്യം. ഏൽപ്പിച്ച ദൗത്യങ്ങൾ ഉത്തരവാദിത്വത്തോടെ നിറവേറ്റിയ ചരിത്രമുള്ള കെ.സി വേണുഗോപാലിൽ പാർട്ടിക്കുള്ള വിശ്വാസമാണ് അദ്ദേഹത്തെ രാജ്യസഭയിൽ എത്തിച്ചത്. ദേശീയ തലത്തിൽ വിവിധ പ്രതിസന്ധികൾ തരണം ചെയ്ത അനുഭവ പാടവുമായാണ് കെ.സി വേണുഗോപാൽ രാജ്യസഭയിൽ എത്തുന്നത്.

സുദീർഘവും കറകളഞ്ഞതുമായ രാഷ്ട്രീയ പാരമ്പര്യമാണ് കെ.സി വേണുഗോപാലിന് അവകാശപ്പെടാനുള്ളത്. സംഘടനാ തെരഞ്ഞെടുപ്പിലൂടെ കെ.എസ്‌.യുവിന്‍റെ സംസ്ഥാന അധ്യക്ഷനായ കെ.സി. വേണുഗോപാൽ മികച്ച പ്രവർത്തനമാണ് കാഴ്ച വച്ചത്. പഴയ വോളിബോൾ ടീം ക്യാപ്റ്റൻ കൂടിയായ കെ.സി വേണുഗോപാൽ 1992 മുതൽ 2000 വരെ തുടർച്ചയായി എട്ടു വർഷം യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവും വഹിച്ചു. 1996, 2001, 2006 വർഷങ്ങളിൽ ആലപ്പുഴ അസംബ്ലി മണ്ഡലത്തിൽ നിന്ന് കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കെ.സി. 2004-2006 കാലയളവിൽ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ടൂറിസം, ദേവസ്വം വകുപ്പ് മന്ത്രിയായി. ഇതിനിടെ 2009 ൽ ആലപ്പുഴ പാർലമെന്‍റ് മണ്ഡലത്തിൽ നിന്ന് 15 ആം ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എം പി എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവച്ചത്തിന്‍റെ കൂടി അടിസ്ഥാനത്തിൽ 2011 ജനുവരിയിൽ മൻമോഹൻസിങ് സർക്കാരിൽ സഹമന്ത്രിയായി. 2012 ഒക്ടോബർ മുതൽ വ്യോമയാന വകുപ്പിന്‍റെ സഹമന്ത്രിയായിരുന്നു. എംപി എന്ന നിലയിലുള്ള മികച്ച പ്രകടനം കോൺഗ്രസിന്‍റെ ദേശീയ നേതൃത്വത്തിലേക്ക് കെ.സി വേണുഗോപാലിനെ എത്തിച്ചു. രാഹുൽ ഗാന്ധി എഐസിസി അധ്യക്ഷനായതിന് പിന്നാലെ കെസി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറിയായി നിയോഗിക്കപ്പെട്ടു.

സംഘാടന മികവിലൂടെ കോൺഗ്രസിന് ഒട്ടനവധി സംസ്ഥാനങ്ങളിൽ ഭരണത്തിൽ എത്തിക്കാൻ വേണുഗോപാലിന് സാധിച്ചു. വിവിധ സംസ്ഥാനങ്ങളിൽ പാർട്ടി പ്രതിസന്ധി നേരിട്ടപ്പോഴൊക്കെ പ്രശ്നപരിഹാരത്തിനായി പാർട്ടി നിയോഗിച്ചതും വേണുഗോപാലിനെ ആയിരുന്നു. ആ ദൗത്യം അദ്ദേഹം ഭംഗിയായി തന്നെ നിർവ്വഹിച്ചു. മഹാരാഷ്ട്ര കോൺഗ്രസ് എൻസിപി ശിവസേന സർക്കാർ രൂപീകരിക്കുന്നതിന് നിർണായക പങ്കുവഹിച്ചതും കെ.സി വേണുഗോപാൽ ആയിരുന്നു. ജാർഖണ്ഡിലും ബിജെപിയെ മുട്ടുകുത്തിച്ച് കോൺഗ്രസ് മുന്നണി സർക്കാരിനെ അധികാരത്തിലേറ്റാൻ കെസി യുടെ സംഘടനാപാടവത്തിന് കഴിഞ്ഞു. കെ.സി യുടെ മികച്ച നേതൃപാടവം പാർലമെന്‍ററി രംഗത്തും ആവശ്യമായതിനാലാണ് അദ്ദേഹത്തെ കോണ്‍ഗ്രസ് രാജ്യസഭയിൽ എത്തിച്ചത്‌. രാജ്യസഭ എം പിയെന്ന പുതിയ നിയോഗം കൂടിയാണ് കെ.സി വേണുഗോപാലിൽ വന്ന് ചേർന്നിരിക്കുന്നത്.