പുരാവസ്തു തട്ടിപ്പ് കേസ് : മോണ്‍സണെ സഹായിച്ച ഐജി ലക്ഷ്മണയുടെ സസ്പെന്‍ഷന്‍ പുനപരിശോധിക്കുന്നു

Jaihind Webdesk
Wednesday, January 5, 2022

കൊച്ചി : പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലുമായി ബന്ധമുണ്ടായിരുന്നതിനെ തുടര്‍ന്ന് സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത ഐജി ജി ലക്ഷ്മണയെ തിരിച്ചെടുക്കാന്‍ നീക്കം. സസ്പെന്‍ഷന്‍ പിന്‍വലിക്കുന്നത് പരിശോധിക്കാന്‍ ചീഫ് സെക്രട്ടറി തല സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു. ലക്ഷ്മണക്കെതിരെ തെളിവില്ലെന്നാണ് ക്രൈംബ്രാഞ്ച് നിലപാട്.

ഐ.ജി ലക്ഷ്മണയും തട്ടിപ്പുകാരനായ മോണ്‍സണ്‍ മാവുങ്കലുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞ നവംബര്‍ പത്തിന് ഐ.ജി ലക്ഷ്മണയെ സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. ഐ.ജി ലക്ഷ്മണയുടെ അതിഥിയായി പൊലീസ് ക്ലബിലും മോൻസൻ തങ്ങിയിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇക്കാര്യത്തിൽ ഐജി ലക്ഷ്മണയുടെയും ഗസ്റ്റ് ഹൗസിലെ ജീവനക്കാരുടെ മൊഴിയും ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി.

എന്നാല്‍ ലക്ഷ്മണക്കെതിരെ തെളിവില്ലെന്ന നിലപാടാണ് ക്രൈം ബ്രാഞ്ച് ഇപ്പോള്‍ സ്വീകരിക്കുന്നത്. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് സസ്പെന്‍ഡ് ചെയ്ത് രണ്ട് മാസത്തിനകം ലക്ഷ്മണയെ സര്‍വ്വീസില്‍ തിരിച്ചെടുക്കാനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ ആംഭിച്ചത്. ഐജി ലക്ഷ്മണയുടെ സസ്പെൻഷൻ പുനപരിശോധിക്കാന്‍ ചീഫ് സെക്രട്ടറി തല സമിതിയെ സർക്കാർ ചുമതലപ്പെടുത്തി.

അതേസമയം പുനപരിശോധന ഉത്തരവിലും അബദ്ധങ്ങൾ കടന്ന് കൂടി. ഐപിഎസ് ഉദ്യോഗസ്ഥനായ ലക്ഷ്മണയെ ഐഎഫ്എസുകാരനായിട്ടാണ് ഉത്തരവില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. മാത്രമല്ല പകർപ്പ് വെച്ചത് കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് പകരം കേന്ദ്ര വനം വകുപ്പിനാണ്.