സഹായം ലഭിക്കാതെ നിരവധി പേർ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പിൽ; ജലരേഖയായി ‘റീ ബിൽഡ് നിലമ്പൂർ’  പദ്ധതി

Jaihind News Bureau
Saturday, August 8, 2020

 

2019ലെ പ്രളയത്തിൽ തകർന്ന നിലമ്പൂരിനെ വീണ്ടെടുക്കാൻ തയ്യാറാക്കിയ  ‘റീ ബിൽഡ് നിലമ്പൂർ’  പദ്ധതി ജലരേഖയായി. പി.വി അൻവർ എംഎൽഎ ചെയർമാനായ  റീബിൽഡ് നിലമ്പൂരിന് മുപ്പതു ലക്ഷത്തോളം രൂപ സുമനസുകള്‍ നൽകിയെങ്കിലും ഒരാൾക്ക് പോലും ഇതുവരേയും സഹായം ലഭിച്ചിട്ടില്ല. സർക്കാർ  പ്രഖ്യാപിച്ച സഹായവും ജനങ്ങളുടെ കൈയ്യിലേക്കെത്തിയില്ല.  76 പേർ ഇപ്പോഴും കഴിയുന്നത് ദുരിതാശ്വാസ ക്യാമ്പിൽ.

കവളപ്പാറ ദുരന്തത്തിന് ഒരാണ്ട് ദിവസം തികയുമ്പോഴും 31 കുടുംബങ്ങള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പിലാണ്. കുട്ടികളും പ്രായമുള്ളവരുമടക്കം 76 പേരടങ്ങുന്നതാണ് സംഘം. പോത്തുകല്ല് സിറ്റി പാലസ് ഓഡിറ്റോറിയത്തിലുള്ള ഈ ക്യാമ്പിലാണ് ഇവർ കഴിയുന്നത്. ഉരുള്‍പ്പൊട്ടല്‍ ഉറ്റവരെ മാത്രമല്ല, അവരുടെ ജീവിതം തന്നെ തട്ടിയെടുത്തു. ആ രാത്രി നഷ്ടപ്പെട്ട ജീവിതതാളം ഇനിയും പലര്‍ക്കും തിരിച്ചുപിടിക്കാനായിട്ടില്ല. എല്ലാം വിധിയെന്ന് ആശ്വസിക്കുന്നു.

30 ലക്ഷം രൂപക്കടുത്ത സംഖ്യ റീബില്‍ഡ് നിലമ്പൂരിന്‍റെ പേരിലുള്ള അക്കൗണ്ടിലേക്ക് എത്തിയതായി പിവി അൻവർ എംഎൽഎ സമ്മതിക്കുന്നു. എന്നാൽ റീബിൽഡ് നിലമ്പൂരിൽ നിന്ന് ആർക്കും സഹായം ലാഭിച്ചിട്ടുമില്ല. പ്രളയ ബാധിതർക്ക് സർക്കാർ 10 ലക്ഷം രൂപ പ്രളയ സമയത്ത് തന്നെ പ്രഖ്യാപിച്ചു. ശേഷം കഴിഞ്ഞ മാസം വീണ്ടും അതേ പ്രഖ്യാപനം ആവർത്തിച്ചു. എന്നാല്‍ പണം മാത്രം എത്തിയില്ല. പണം ഉടൻ വിതരണം ചെയ്യുമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി.