കേന്ദ്രവുമായി ഭിന്നത; റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രാജിവെക്കും

Thursday, November 8, 2018

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവെക്കും. നവംബര്‍ 19ന് ചേരുന്ന ആര്‍.ബി.ഐ ബോര്‍ഡ് യോഗത്തിലാണ് അദ്ദേഹം രാജി പ്രഖ്യാപിക്കുക. ധനകാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പോര്‍ട്ടലായ മണിലൈഫ് ആണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ഗവര്‍ണറുടെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്.

ആര്‍.ബി.ഐയുടെ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ അമിതമായി ഇടപെടല്‍ നടത്തുന്നുവെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ആവശ്യം വന്നാല്‍ ആര്‍.ബി.ഐയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ കേന്ദ്രസര്‍ക്കാരിന് അനുമതി നല്‍കുന്ന ചട്ടങ്ങളുണ്ട്. ഈ ചട്ടം കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നുവെന്നാണ് ആരോപണം. ഈ വിഷയത്തില്‍ ആര്‍.ബി.ഐയും കേന്ദ്രസര്‍ക്കാരും തമ്മില്‍ അഭിപ്രായഭിന്നത രൂക്ഷമായിരിക്കെയാണ് ഗവര്‍ണര്‍ രാജിവെക്കുമെന്ന വാര്‍ത്ത വന്നിരിക്കുന്നത്.

ആര്‍.ബി.ഐയുടെ കരുതല്‍ ധനത്തില്‍ നിന്ന് വിപണിയിലേക്ക് പണം ഒഴുക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആര്‍.ബി.ഐ ഇക്കാര്യം അനുവദിച്ചിട്ടില്ല. ഇക്കാര്യത്തില്‍ തര്‍ക്കം രൂക്ഷമായിട്ടുണ്ടെന്നാണ് വിവരം. കേന്ദ്രബാങ്കിന്‍റെ സ്വതന്ത്രമായ പ്രവര്‍ത്തനം കേന്ദ്രസര്‍ക്കാര്‍ തടയുകയാണെന്ന ആര്‍.ബി.ഐ ഡെപ്യൂട്ടി ഗവര്‍ണര്‍ രണ്ടാഴ്ച മുമ്പ് പറഞ്ഞിരുന്നു. ഇതോടെയാണ് ഭിന്നത രൂക്ഷമാണെന്ന വാര്‍ത്തകള്‍ പരന്നത്.

ഗവര്‍ണറുടെ രാജി വിഷയത്തില്‍ ആര്‍.ബി.ഐ പ്രതികരിച്ചിട്ടില്ല. ഊര്‍ജിത് പട്ടേലിനെ രാജിവെക്കാന്‍ നിര്‍ബന്ധിക്കുക എന്ന ഉദ്ദേശം കൂടി കേന്ദ്രസര്‍ക്കാരിന് ഉണ്ടെന്നാണ് സൂചന.