ജസ്റ്റിസ് രഞ്‌ജൻ ഗോഗോയ് ചീഫ് ജസ്റ്റിസായി അധികാരമേറ്റു

Jaihind Webdesk
Wednesday, October 3, 2018

ഇന്ത്യയുടെ 46-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് രഞ്‌ജൻ ഗോഗോയ് സത്യപ്രതിജ്ഞ ചെയ്തു. സുപ്രീം കോടതിയുടെ ദൈനംദിന പ്രവർത്തനത്തിൽ സുപ്രധാന മാറ്റങ്ങളാണ് രഞ്ജൻ ഗോഗോയ് നടപ്പാക്കിയത്.

രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതിയിൽ നിന്നാണ് രഞ്ജൻ ഗോഗോയ് സത്യവാചകം ഏറ്റു ചൊല്ലിയത്. ദൈവനാമത്തിൽ ആയിരുന്നു സത്യപ്രതിജ്ഞ.
കേസുകൾ അടിയന്തരമായി പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസിന്‍റെ ബെഞ്ചിന് മുമ്പാകെ മെൻഷൻ ചെയ്യുന്ന രീതി അദേഹം അവസാനിപ്പിച്ചു. ദിവസവും ഇരുപത് മിനിറ്റ് വരെ നീണ്ടിരുന്ന നടപടികളാണ് അവസാനിപ്പിച്ചത്. ആരെയെങ്കിലും തൂക്കിലേറ്റുന്നതോ വീട്ടിൽ നിന്ന് ഒഴിപ്പിക്കുന്നതോ ആയ ഘട്ടങ്ങളിൽ മാത്രമേ ഹർജികൾ അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെടാവൂ എന്ന് ജസ്റ്റിസ് ഗോഗോയ് വ്യക്തമാക്കി.

മുതിർന്ന അഭിഭാഷകരുടെ സൗകര്യത്തിനായി കേസുകൾ പാസ് ഓവർ ചെയ്യുന്ന രീതിയും അനുവദിക്കില്ല. കേസുകൾ ലിസ്റ്റ് ചെയ്ത ക്രമത്തിൽ തന്നെ പരിഗണിക്കും. പരിഗണിക്കാൻ നിശ്ചയിച്ച ദിവസം ക്രമം മാറ്റാനും അനുവദിക്കില്ലെന്നും രഞ്ജൻ ഗോഗോയ് പറഞ്ഞു. അഭിഭാഷക ഗൗണ്‍ ധരിച്ചു വന്ന പെറ്റിഷണർ ഇൻ പേഴ്സണായ ബി.ജെ.പി നേതാവ് അശ്വിനി ഉപാധ്യായയോട് ചീഫ് ജസ്റ്റിസ് തട്ടിക്കയറി. പെറ്റിഷണർ ഇൻ പേഴ്സണായ നിങ്ങൾക്ക് എങ്ങനെയാണ് ഗൗണ്‍ ധരിക്കാൻ ആവുക. ആ കാരണത്താൽ ഈ ഹർജി തള്ളാമെന്ന് രഞ്ജൻ ഗോഗോയ് പറഞ്ഞു. ദീപക് മിശ്ര ചീഫ് ജസ്റ്റിസായിരുന്ന കാലത്ത്‌ നിരവധി പൊതുതാല്പര്യ ഹർജികൾ നൽകിയ അഭിഭാഷകനാണ് ഉപാധ്യായ.

ജസ്റ്റിസ് ദീപക് മിശ്രയുടെ പ്രവർത്തന ശൈലിയിൽ നിന്ന് തീർത്തും വ്യത്യസ്തമായിരിക്കും തന്‍റെ ശൈലിയെന്നാണ് ആദ്യദിനം തന്നെ ജസ്റ്റിസ് ഗോഗോയ് നൽകുന്ന സന്ദേശം.