‘ഒന്നും അറിയുന്നില്ലെങ്കില്‍ പിന്നെ മുഖ്യമന്ത്രി ആ കസേരയില്‍ ഇരിക്കുന്നതെന്തിന് ?’ ആഴക്കടല്‍ കൊള്ളക്കെതിരെ രമേശ് ചെന്നിത്തലയുടെ സത്യഗ്രഹം

Jaihind News Bureau
Thursday, February 25, 2021

 

തിരുവനന്തപുരം : മത്സ്യത്തൊഴിലാളികളുടെ അന്നം മുട്ടിക്കുന്ന സർക്കാരിന്‍റെ ആഴക്കടല്‍ കരാറിനെതിരെ പൂന്തുറയില്‍ സത്യഗ്രഹം അനുഷ്ഠിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗുരുതരമായ അനാസ്ഥ വരുത്തിയ വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ രാജി ആവശ്യുപ്പെട്ടും ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുമാണ് പ്രതിപക്ഷ നേതാവ് സത്യഗ്രഹം അനുഷ്ഠിക്കുന്നത്. പ്രതിപക്ഷം ഈ വിഷയം ഉയർത്തിക്കൊണ്ടുവന്നില്ലായിരുന്നെങ്കില്‍ മത്സ്യത്തൊഴിലാളികളുടെ അന്നംമുട്ടിക്കുന്ന കരാർ സർക്കാര്‍ നടപ്പിലാക്കുമായിരുന്നു എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഒന്നും അറിയുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് മുഖ്യമന്ത്രി ആ കസേരയില്‍ ഇരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

സ്വകാര്യ കമ്പനിയായ ഇ.എം.സി.സിയും സര്‍ക്കാര്‍ സ്ഥാപനമായ കേരള ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷനും ചേര്‍ന്ന് കരാര്‍ ഉണ്ടാക്കിയതിനെ കുറിച്ച് അന്വേഷണം നടത്താന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസിനെ ചുമതലപ്പെടുത്തിയത് അംഗീകരിക്കാനാവില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ടി.കെ ജോസാണ് സെക്രട്ടറി. സെക്രട്ടറിയും മുഖ്യമന്ത്രിയും അറിയാതെ കരാറില്‍ ഒപ്പിടാനാകുമോയെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണമാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥ ഭരണമാണ് നടക്കുന്നതെങ്കില്‍ പിന്നെ എന്തിനാണ് മുഖ്യമന്ത്രി ആ കസേരയില്‍ ഇരിക്കുന്നതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

താന്‍ വസ്തുതാപരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. ആരോപണങ്ങള്‍ക്കൊന്നും മുഖ്യമന്ത്രിക്കോ വകുപ്പ് മന്ത്രിമാർക്കോ മറുപടിയുണ്ടായില്ല. പ്രതിപക്ഷം വിഷയം ശക്തമായി ഉയർത്തിക്കൊണ്ടുവന്നില്ലായിരുന്നെങ്കില്‍ സർക്കാർ ഈ കരാറുമായി മുന്നോട്ടുപോകുമായിരുന്നുവെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. കളളം പിടിക്കപ്പെട്ടപ്പോള്‍ മന്ത്രി മേഴ്സിക്കുട്ടിയമ്മ വായില്‍ തോന്നിയത് പറയുകയാണെന്നും ആ നിലവാരത്തിലേക്ക് താഴാന്‍ ഉദ്ദേശിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെയുള്ള സത്യഗ്രഹം കെ.പി.സി.സി പ്രസിഡന്‍റ്  മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.