
ഗള്‍ഫ് മേഖലയില്‍ നിലനില്‍ക്കുന്ന യുദ്ധസമാനമായ സാഹചര്യത്തില്‍ പ്രവാസി മലയാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. ഇതുസംബന്ധിച്ച് അദ്ദേഹം വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് കത്തയച്ചു. ഗള്‍ഫില്‍ കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ പ്രത്യേക ക്രമീകരണങ്ങള്‍ വേണമെന്ന് അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.
യുഎഇ, കുവൈറ്റ്, ഇറാന്, ബഹ്റൈന്‍, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ ലക്ഷക്കണക്കിന് മലയാളികളാണ് ജോലി ചെയ്യുന്നത്. നിലവിലെ സംഘര്‍ഷങ്ങള്‍ പ്രവാസികള്‍ക്കിടയില്‍ വലിയ ഉത്കണ്ഠയും ഭീതിയുമാണ് സൃഷ്ടിച്ചിരിക്കുന്നത്. തങ്ങളുടെ സുരക്ഷയെക്കുറിച്ച് പ്രവാസികള്‍ വളരെയേറെ ആശങ്കാകുലരാണെന്ന് അവരില്‍ നിന്നും തനിക്ക് ലഭിക്കുന്ന ഫോണ്‍ സന്ദേശങ്ങള്‍ സൂചിപ്പിക്കുന്നതായി ചെന്നിത്തല പറഞ്ഞു. നാട്ടിലുള്ള അവരുടെ ബന്ധുക്കളും കടുത്ത മാനസിക സംഘര്‍ഷത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗള്‍ഫ് മേഖലയിലുള്ള മലയാളികള്‍ക്ക് സുരക്ഷിതത്വബോധവും ആശ്വാസവും നല്‍കുന്നതിന് അടിയന്തര നടപടികള്‍ ആവശ്യമാണെന്ന് കത്തില്‍ വ്യക്തമാക്കുന്നു. പ്രവാസികള്‍ക്ക് കൃത്യമായ സഹായം ഉറപ്പാക്കുന്നതിനും സമയബന്ധിതമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം. നിലവിലെ സാഹചര്യത്തില്‍ എംബസികള്‍ കൂടുതല്‍ സജീവമായി ഇടപെടേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
അന്താരാഷ്ട്ര വിമാനക്കമ്പനികള്‍ സര്‍വ്വീസ് നടത്താന്‍ മടിക്കുന്ന സാഹചര്യം നിലവിലുണ്ട്. ഈ സാഹചര്യത്തില്‍ തൊഴിലിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കുന്നതിനും അവരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക വിമാനങ്ങള്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ കൈക്കൊള്ളണം. പ്രവാസികളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ നേരിട്ടുള്ള ഇടപെടല്‍ ഉണ്ടാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.