തിരുവനന്തപുരം: ജയില്‍ വകുപ്പിന് കീഴിലുള്ള തൃശുരിലെ കൊവിഡ് നിരീക്ഷണ കേന്ദ്രമായ അമ്പളിക്കലയില്‍ റിമാന്‍ഡ് പ്രതി മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ ഉത്തരവാദികളായ ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നിയമ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. കഞ്ചാവ് വിറ്റുവെന്നാരോപിച്ച് തിരുവനന്തപുരം സ്വദേശി ഷെമീറിനെയും ഭാര്യയെയും കഴിഞ്ഞ സെപ്തംബര്‍ 30-നാണ് തൃശൂരില്‍ വച്ച് അറസ്റ്റ് ചെയ്തത്. റിമാന്‍ഡ് ചെയ്യപ്പെട്ട ഷെമിറിനെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലെത്തിച്ചതിന്‍റെ പിറ്റേന്ന് മരിക്കുകയായിരുന്നു. നിരീക്ഷണ കേന്ദ്രത്തിലെ ജീവനക്കാര്‍ ഷെമീറിനെ മര്‍ദ്ദിക്കുന്നത് കണ്ടുവെന്ന് ഷെമീറിന്‍റെ ഭാര്യയും കൂട്ടുപ്രതികളും മൊഴി നല്‍കിയിട്ടുണ്ട്.
തലക്കുള്ള ക്ഷതവും ക്രൂരമര്‍ദ്ദനവുമാണ് മരണകാരണണെന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയന്നുമുണ്ട്. എന്നാല്‍ ഇതിന് ഉത്തരവാദികളായ ജയില്‍ ജീവനക്കാരെ സ്ഥലം മാറ്റുക മാത്രമാണ് ചെയ്തതെന്നും അത് കൊണ്ട് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെട്ട് ഇതിന് ഉത്തരവാദികളായിവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കണമെന്നും രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെടുന്നു.