മരട് ഫ്‌ളാറ്റ് കേസ്: ഉടമകള്‍ക്ക് നീതി ഉറപ്പാക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് രമേശ് ചെന്നിത്തല

കൊച്ചി: സുപ്രീം കോടതി പൊളിച്ച് മാറ്റാന്‍ ഉത്തരവിട്ട കൊച്ചി മരടിലെ ഫ്‌ളാറ്റ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. ഫ്‌ളാറ്റുകള്‍ എത്രയും പെട്ടന്ന് പൊളിച്ച് മാറ്റുമെന്ന ചീഫ് സെക്രട്ടറി ടോം ജോസിന്റെ നിലപാട് അപലപനീയമാണെന്നും സര്‍ക്കാര്‍ അടിയന്തരമായ ഇടപ്പെട്ട് നിയമ മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഫ്‌ളാറ്റ് സന്ദര്‍ശിക്കാനെത്തി ചേര്‍ന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മുന്നില്‍ ഫ്‌ലാറ്റിലെ താമസക്കാര്‍ ആവലാതിയുടെയും പരാതിയുടെയും കെട്ടഴിച്ചു. ജീവിതകാലം മുഴുവന്‍ അധ്വാനിച്ച് നേടിയതെല്ലാം ഒരു നിമിഷം കൊണ്ട് തകര്‍ന്ന് പോകുന്നതിന്റെ സങ്കട കണ്ണീരോടെയായിരുന്നു സ്ത്രീകള്‍ അടക്കമുള്ളവര്‍ രമേശ് ചെന്നിത്തലയുടെ മുന്നില്‍ എത്തിയത്.

പ്രതിപക്ഷത്തെ കൊണ്ട് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും ഫ്‌ളാറ്റിലെ താമസക്കാര്‍ക്ക് നീതി ലഭിക്കാന്‍ കൂടെ ഉണ്ടാകുമെന്നും ഫ്‌ളാറ്റുകള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ എടുക്കുന്ന ഏത് തീരുമാനത്തിനൊപ്പവും പ്രതിപക്ഷമുണ്ടാകുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. സര്‍ക്കാര്‍ അടിയന്തരമായി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പിന്‍വലിക്കാന്‍ അനുമതി തേടണമെന്നും പുതിയ സബ് കമ്മിറ്റിയെ നിയമിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ഇതിന് മുന്‍പും ഇത്തരത്തില്‍ നിയമലംഘനത്തിന് പിഴ ചുമത്തിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ പൊളിച്ച് മാറ്റാന്‍ പറയുന്ന സുപ്രീം കോടതി വിധി അംഗീകരിക്കാന്‍ കഴിയില്ലെന്നും രമേശ് ചെന്നിത്തല കൂട്ടി ചേര്‍ത്തു. ഫ്‌ളാറ്റുകളിലെ താമസക്കാരുടെ നേതൃത്വത്തില്‍ ആരംഭിച്ച റിലേ സത്യാഗ്രഹവും രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ഹൈബി ഈഡന്‍ എം.പി, കെ.വി. തോമസ് ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കളും അദ്ദേഹത്തോടൊപ്പം ഫ്‌ളാറ്റ് സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു

Comments (0)
Add Comment