പ്രവാസികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി മന്ത്രിസഭാ തീരുമാനം; നടപടി പ്രതിഷേധാര്‍ഹമെന്ന് പ്രതിപക്ഷം, തീരുമാനത്തിനെതിരെ 19ന് രമേശ് ചെന്നിത്തലയുടെ ഉപവാസ സമരം

Jaihind News Bureau
Wednesday, June 17, 2020

Ramesh-Chennithala

വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി മന്ത്രിസഭാ തീരുമാനം.  വന്ദേ ഭാരത് ദൗത്യമുള്‍പ്പെടെ എല്ലാ വിമാനങ്ങളില്‍ വരുന്നവര്‍ക്കും സര്‍ട്ടിഫിക്കറ്റ് വേണമെന്നും തീരുമാനം. സര്‍ക്കാര്‍ നടപടി നാട്ടിലേക്ക് വരാനിരിക്കുന്ന തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കും മാസങ്ങളായി ശമ്പളം ലഭിക്കാത്തവര്‍ക്കും കനത്ത തിരിച്ചടിയാകും.

അതേസമയം തീരുമാനത്തെ എതിര്‍ത്ത് പ്രതിപക്ഷം രംഗത്തെത്തി. പ്രവാസികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടി പ്രതിഷേധാര്‍ഹമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ നടപടിക്കെതിരെ 19 ന് സെക്രട്ടേറിയേറ്റ് പടിക്കല്‍ ഉപവസിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ നടപടി മൂലം ഗള്‍ഫില്‍ പ്രവാസികള്‍ ആത്മഹത്യ ചെയ്യുന്ന സ്ഥിതിയുണ്ടാകുമെന്ന് കെ.മുരളീധരന്‍ എം.പിയും പറഞ്ഞു. സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിച്ച് താല്‍പര്യമുള്ള എല്ലാപ്രവാസികളെയും തിരിച്ചുകൊണ്ടുവരണമെന്നും കെ.മുരളീധരന്‍ തിരുവനന്തപുരത്ത് ആവശ്യപ്പെട്ടു. സര്‍ക്കാരിന്‍റേത് നീചമായ തീരുമാനമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ പ്രതികരിച്ചു. പ്രവാസി മലയാളികളോടുള്ള സര്‍ക്കാരിന്‍റെ നികൃഷ്ടമായ സമീപനം തുടരുന്നുവെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു.

യുഎഇയിലൊഴികെ മറ്റൊരിടത്തും പിസിആര്‍ ടെസ്റ്റിന് കാര്യമായ സൗകര്യങ്ങളില്ലെന്നാണ് പ്രവാസികള്‍ പറയുന്നത്. ടെസ്റ്റിന് വേണ്ടി പതിനായിരം രൂപയ്ക്ക് മേല്‍ ചെലവാക്കേണ്ടി വരും. അതുമാത്രമല്ല, റിസള്‍ട്ട് ലഭിക്കാന്‍ ദിവസങ്ങള്‍ വേണ്ടി വരും. ഗള്‍ഫിലെ മിക്ക പ്രദേശങ്ങളിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത് കൊണ്ട് പുറത്തിറങ്ങി ടെസ്റ്റ് നടത്താന്‍ പലര്‍ക്കും കഴിയില്ല. സാമൂഹ്യ സംഘടനകളുടെ ഔദാര്യത്തിലാണ് പലരും ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ നാട്ടിലേക്ക് വരാന്‍ ശ്രമിക്കുന്നത്. അത്തരം പാവങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഈ തീരുമാനം കനത്ത തിരിച്ചടിയാകും. ഒരുപാട് പേര്‍ക്ക് ഈ സാഹചര്യത്തില്‍ ഒരിക്കലും നാട്ടിലെത്താനാകാത്ത സ്ഥിതിയുണ്ടാകും.

ലേബര്‍ ക്യാംപുകളില്‍ മാസങ്ങളായി ജോലിയും കൂലിയുമില്ലാതെ കഴിയുന്നവര്‍ക്ക് ഈ സാഹചര്യത്തില്‍ സാമൂഹ്യസംഘടനകളുടെ കാരുണ്യത്തില്‍ പോലും നാട്ടിലെത്താനാകാത്ത സ്ഥിതിയുണ്ടാകും. സര്‍ക്കാരിന്റെ പ്രവാസികളോടുള്ള സമീപനത്തില്‍ പ്രതിഷേധിച്ച് ഈ മാസം 19-ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഏകദിന ഉപവാസം അനുഷ്ടിക്കുന്നുണ്ട്. കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കികൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രവാസി മലയാളികളുടെ പ്രതിഷേധം ശക്തമാകുമെന്ന് ഉറപ്പാണ്.

teevandi enkile ennodu para