ഇത്തവണയും പുതുവർഷം ആദിവാസി സഹോദരങ്ങൾക്കൊപ്പം ആഘോഷിക്കാൻ രമേശ് ചെന്നിത്തല

Jaihind News Bureau
Sunday, December 28, 2025

തിരുവനന്തപുരം: രമേശ് ചെന്നിത്തല ഈ വർഷവും പുതുവത്സരം ആദിവാസികൾക്കൊപ്പം ആഘോഷിക്കും. രമേശ് ചെന്നിത്തലയുടെ 16-ാംഗാന്ധിഗ്രാമം പരിപാടിയുടെ ഭാഗമായാണ് ജനുവരി ഒന്നിന് ഗുരുവായൂർ പുന്നയൂർ പഞ്ചായത്ത് നായാടി sc കോളനിയിൽ അദ്ദേഹം കോളനിവാസികൾക്ക് ഒപ്പം പുതുവത്സരം ആഘോഷിക്കുന്നത്. കഴിഞ്ഞ 15 വർഷമായി പുതു വത്സരദിനം രമേശ് ചെന്നിത്തല ആദിവാസി ഗ്രമങ്ങളിൽ അവർക്കൊപ്പമാണ് ആഘോഷിച്ച് വന്നിരുന്നത്. ആദിവാസി-ദളിത് കോളനികളിൽ അധിവസിക്കുന്നവരുടെ പ്രശ്നങ്ങൾ നേരിട്ടു മനസ്സിലാക്കുന്നതിനും, അവ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതുമാണ് പദ്ധതിയുടെ ലക്ഷ്യം.

രമേശ് ചെന്നിത്തല കെ പി സി സി അധ്യക്ഷനായിരുന്ന  കാലത്ത്   ആദിവാസി- ദളിത് വിഭാഗങ്ങളുടെ  ക്ഷേമത്തിനും, ഉന്നമനത്തിനുമായാണ്   ഗാന്ധിഗ്രാമം പരിപാടി ആരംഭിച്ചത്. ആദ്യതവണ കോളനിവികസനത്തിനായി സർക്കാരിനെക്കൊണ്ട് ഒരു കോടി രൂപ വീതം അനുവദിപ്പിക്കാൻ കഴിഞ്ഞിരുന്നു.  പിന്നീട് ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴും പ്രതിപക്ഷനേതാവ് ആയിരുന്നപ്പോഴും   പുതുവര്‍ഷം അവര്‍ക്കൊപ്പമാണ് ആഘോഷിച്ചിരുന്നത്.

പുതുവർഷ ദിനം രാവിലെ 9 മണിക്ക് പുന്നയൂരിൽ എത്തുന്ന ചെന്നിത്തല പ്രഭാത ഭക്ഷണത്തിന്നും
ഉച്ചഭക്ഷണത്തിനും  കോളനിവാസികൾക്കൊപ്പം ഒത്തുചേരും. അവരുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കും. അതിനുശേഷം  ആദിവാസികളുടെ പരമ്പരാഗത കലാപരിപാടികളും ആസ്വദിച്ച ശേഷം മടങ്ങും.

2011 ൽ ഗാന്ധിഗ്രാമം പരിപാടി തൃശൂരിൽ കെ.കരുണാകരൻ്റെ മണ്ഡലമായ മാളയിലെ കുന്നത്തുകാട് കോളനിയിൽ നിന്നുമാണ് ആരംഭിച്ചത്.  കഴിഞ്ഞ വർഷം പത്തനംതിട്ട ജില്ലയിലെ തിരുവല്ല നിയോജക മണ്ഡലത്തിലെ പെരിങ്ങര പഞ്ചായത്തിലെ മുണ്ടപ്പള്ളി പട്ടികജാതി കോളനിയിലായിരുന്നു പരിപാടി. ഗാന്ധിഗ്രാമം പദ്ധതിയുടെ പതിനഞ്ചാം വാർഷികത്തിൻ്റെ ഭാഗമായി 2025 മാർച്ച് എട്ടിന് ദേശീയ തലത്തിലെ ദളിത് നേതാക്കളെ ഉൽപ്പെടുത്തി ഏകദിന കോൺക്ലേവ് സംഘടിപ്പിച്ചിരുന്നു.