സ്പീക്കർ മുഖ്യമന്ത്രിയുടെ കയ്യിലെ പാവ ;‍ വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കിയ നടപടി രാഷ്ട്രീയ പ്രേരിതം:  രമേശ് ചെന്നിത്തല

Jaihind News Bureau
Tuesday, December 1, 2020

 

തിരുവനന്തപുരം:   ബാറുടമ ബിജു രമേശിന്‍റെ വെളിപ്പെടുത്തലിന്‍റെ  പേരില്‍ തനിക്കെതിരെ  വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കിയ  സ്പീക്കറുടെ നടപടി തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പീക്കര്‍ രാഷ്ട്രീയം കളിക്കാന്‍ നില്‍ക്കുന്ന   പാവ മാത്രമാണ്.  മുഖ്യമന്ത്രി  പറയുന്നത് അനുസരിക്കുക എന്നത് മാത്രമാണ് സ്പീക്കറുടെ ജോലി. അതില്‍   പ്രത്യേകിച്ച് അദ്ഭുതത്തിന്‍റെ കാര്യമില്ല.  അതുകൊണ്ടാണ് സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷം നോട്ടീസ് കൊടുത്തതും.  സ്പീക്കറുടെ ഭാഗത്ത് നിന്ന്  ഇതല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ലന്നും രമേശ് ചെന്നിത്തല  പറഞ്ഞു.

കേസ്  കണ്ട് പകച്ചുപോകുമെന്ന തെറ്റിദ്ധാരണയൊന്നും പിണറായി  വിജയന് വേണ്ടാ.  രണ്ട് തവണ അന്വേഷിച്ച് തള്ളിയ കേസാണിത്.  സര്‍ക്കാരിന്‍റെ അഴിമതികള്‍ക്കെതിരെ  പ്രതിപക്ഷം  നടത്തുന്ന പോരാട്ടങ്ങളോടുള്ള    പ്രതികാരമാണ് ഈ അന്വേഷണം.  നിയമപരമായും  രാഷ്ട്രീയപരമായും തങ്ങള്‍ നേരിടുമെന്നും  രമേശ് ചെന്നിത്തല പറഞ്ഞു. ഒരു ഡസന്‍ യു.ഡി.എഫ് നേതാക്കളുടെ  പേരില്‍  കേസെടുക്കുമെന്നാണല്ലോ ഇടതുമുന്നണി കണ്‍വീനര്‍  പറഞ്ഞിട്ടുള്ളത്. ഏത് യുഡിഎഫ് എംഎല്‍എക്കെതിരെയും അന്വേഷണം നടക്കട്ടെ.  അതിനെയെല്ലാം ധീരമായി  നേരിടാന്‍  യുഡിഎഫും ഒപ്പം കേരളത്തിലെ ജനങ്ങളുമുണ്ടാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അഴിമതിക്കേസില്‍ മുഖ്യമന്ത്രി കുടുങ്ങുമെന്ന്  കണ്ടപ്പോള്‍  എങ്കില്‍ പ്രതിപക്ഷ നേതാവിനെതിരെയും ഒരു  കേസ് ഇരിക്കട്ടെ എന്ന് നിലയിലാണ് തനിക്കെതിരെ അന്വേഷണത്തിന്  അനുമതി നല്‍കിയതെന്നും പിണറായി വിജയന്‍ വിചാരിച്ചാലൊന്നും യുഡിഎഫിനെ തകര്‍ക്കാന്‍ കഴിയില്ലന്നും രമേശ് ചെന്നിത്തല   കൂട്ടിച്ചേര്‍ത്തു.