
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണപ്പാളി മോഷണക്കേസിലെ തൊണ്ടിമുതല്‍ എവിടെയെന്ന ചോദ്യത്തിന് മറുപടി പറയാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് കഴിയുന്നില്ലെന്നും, അന്വേഷണം അട്ടിമറിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെടുകയാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബരിമലയില്‍ നിന്ന് മോഷ്ടിക്കപ്പെട്ട സ്വര്‍ണ്ണം ഇതുവരെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ജ്വല്ലറി ഉടമ ഗോവര്‍ദ്ധന്റെ കൈയില്‍ നിന്ന് കണ്ടെത്തിയ 300 ഗ്രാം മാത്രമല്ല നഷ്ടപ്പെട്ടത്. കാണാതായ ബാക്കി സ്വര്‍ണ്ണത്തെക്കുറിച്ച് എസ്ഐടി മൗനം പാലിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് പ്രവാസി വ്യവസായി നല്‍കിയ സൂചനകള്‍ ഗൗരവമുള്ളതാണ്. ശരിയായ രീതിയില്‍ അന്വേഷണം നടത്തിയാല്‍ മാത്രമേ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുവരൂ എന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെ മുഖ്യമന്ത്രിയുടെ ഓഫീസ് വഴിവിട്ട് സ്വാധീനിക്കുകയാണെന്ന് ചെന്നിത്തല ആരോപിച്ചു. പോലീസ് അസോസിയേഷനിലെ സി.പി.എം അനുഭാവികളായ രണ്ട് ഭാരവാഹികളെ എസ്ഐടിയില്‍ തിരുകിക്കയറ്റിയത് ഇതിന്റെ തെളിവാണ്. നിലവിലെ അന്വേഷണം കൊണ്ട് നീതി ലഭിക്കില്ലെന്നും കോടതിയുടെ മേല്‍നോട്ടത്തിലുള്ള സി.ബി.ഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സിനഡ് നടക്കുന്ന വേളയില്‍ സീറോ മലബാര്‍ സഭാ ആസ്ഥാനം സന്ദര്‍ശിച്ചതിനെ ചെന്നിത്തല പിന്തുണച്ചു. സഭാ പിതാക്കന്മാരെ കാണുന്നതില്‍ യാതൊരു തെറ്റുമില്ലെന്നും താനും ഉമ്മന്‍ചാണ്ടിയും നേരത്തെ ഇത്തരത്തില്‍ സന്ദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വി ഡി സതീശന്‍ സഭ ആസ്ഥാനത്ത് പോയത് തന്നോട് സംസാരിച്ചതിന് ശേഷമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് ജനങ്ങള്‍ ഉറപ്പിച്ചുകഴിഞ്ഞു. യുഡിഎഫിന് നൂറ് സീറ്റ് ലഭിക്കുമെന്ന് ഉറപ്പായതോടെ പരിഭ്രാന്തനായ മുഖ്യമന്ത്രി പിണറായി വിജയന്‍ 110 സീറ്റ് കിട്ടുമെന്ന് പറഞ്ഞ് വീമ്പിളക്കുകയാണെന്നും ചെന്നിത്തല പരിഹസിച്ചു.