രാജ്യസുരക്ഷയുടെ പേരില്‍ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം

രാജ്യത്തെ ഏതു പൗരന്‍റെയും കംപ്യൂട്ടറിലെയും ഫോണിലേയും വിവരങ്ങള്‍ പരിശോധിക്കാന്‍ പത്ത് ഏജന്‍സികള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയത് പൗരന്‍റെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റവും ഭരണ ഘടന ഉറപ്പ് നല്‍കുന്ന മൗലീകാവകാശങ്ങളുടെ ലംഘനവുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

രമേശ് ചെന്നിത്തലയുടെ ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം വായിക്കാം…

“രാജ്യത്തെ ഏതു പൗരന്‍റെയും കംപ്യൂട്ടറിലെയും മൊബൈൽ ഫോണിലേയും വിവരങ്ങള്‍ പരിശോധിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയത് പൗരന്‍റെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റവും ഭരണ ഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനവുമാണ്‌.

രാജ്യസുരക്ഷയുടെ പേര് പറഞ്ഞാണ് ഇത് ചെയ്തതെങ്കിലും കേന്ദ്രത്തില്‍ ഭരണം നടത്തുന്ന ബി.ജെ.പിക്ക് വ്യാപകമായി ദുരുപയോഗം ചെയ്യാന്‍ കഴിയും. പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് അടുത്തു വരുന്ന ഈ ഘട്ടത്തില്‍ എതിരാളികള്‍ക്കെതിരായ ആയുധമായി ഇത് ഭരണ കക്ഷി ഉപയോഗിക്കും.

സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത് അടുത്തകാലത്താണ്. അതിനെ പാടെ ഇല്ലാതാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ്. ഇത് വരെ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെ മാത്രമേ അന്വേഷണ ഏജന്‍സികള്‍ക്ക് വ്യക്തികളുടെ ഫോണ്‍ ചോര്‍ത്താനും ഈമെയില്‍ പരിശോധിക്കാനും അനുവാദമുണ്ടായിരുന്നുള്ളൂ. ഇനി യാതൊരു അനുമതിയും കൂടാതെ ആരുടെ ഫോണും ചോര്‍ത്താനും കംപ്യൂട്ടര്‍ വിവരങ്ങള്‍ പരിശോധിക്കാനുമുള്ള അനിയന്ത്രിത അധികാരമാണ് പത്ത് ഏജന്‍സികള്‍ക്ക് നല്‍കിയിരിക്കുന്നത്. അത് വളരെ അപകടകരമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.

ബി.ജെ.പിയുടെ ഏകാധിപത്യ സ്വഭാവമാണ് ഇവിടെ വീണ്ടും തെളിയുന്നത്. ഈ കരിനിയമത്തിനെതിരെ ജനാധിപത്യ വിശ്വാസികള്‍ രംഗത്തിറങ്ങണം.
#RightToPrivacy “

Ramesh Chennithala#RightToPrivacy
Comments (0)
Add Comment