രാഹുൽ ഗാന്ധിയെ എതിർക്കുന്നതിൽ കേരളത്തിലെ ബി.ജെ.പിക്കും സി.പി.എമ്മിനും ഒരേ സ്വരമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ദേശാഭിമാനിയും ജന്മഭൂമിയും ഒരേ പ്രസിലാണോ അച്ചടിക്കുന്നതെന്നും അദ്ദേഹം കാസര്‍ഗോഡ് കാഞ്ഞങ്ങാട് ചോദിച്ചു.
അമേത്തിയിൽ മത്സരിക്കുന്നതിനോടൊപ്പമാണ് രാഹുൽ ഗാന്ധി വയനാടും മത്സരിക്കുന്നത്. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർഥിത്വം തെറ്റായ സന്ദേശമാണ് നൽകുന്നതെങ്കിൽ സീതാറാം യെച്ചൂരി ശരിയായ സന്ദേശം നൽകി എൽ.ഡി.എഫ് സ്ഥാനാർഥിയെ പിൻവലിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വയനാട്ടിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ രാഹുൽ ഗാന്ധി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലാവലിൻ കേസ് അനന്തമായി നീണ്ടുപോകുന്നതിന് പിന്നിൽ സി.ബി.ഐ-സി.പി.എം-ബി.ജെ.പി അവിഹിതബന്ധം കൊണ്ടാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ആർ.എസ്.എസിന്‍റെ വർഗീയവാദത്തിനും സി.പി.എമ്മിന്‍റെ അക്രമരാഷ്ട്രീയത്തിനുമുള്ള മറുപടി ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.