ശബരിമലയ്ക്കായി പ്രത്യേക നിയമ നിര്‍മാണം ആവശ്യമില്ലെന്ന് സുപ്രീം കോടതിയെ ബോദ്ധ്യപ്പെടുത്തണം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ശബരിമലക്കായി പ്രത്യേക നിയമ നിര്‍മാണം നടത്തണമെന്ന സുപ്രീം കോടതി നിര്‍ദേശം നടപ്പാക്കാന്‍ കഴിയുന്ന ഒന്നല്ലെന്ന് കോടതിയെ ബോധ്യപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. അത്തരത്തിലൊരു നിയമ നിര്‍മാണമുണ്ടായാല്‍ അത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ പ്രതിസന്ധിയിലാക്കും. ശബരിമലയുള്‍പ്പെടെയുള്ള 1250 ഓളം ക്ഷേത്രങ്ങളാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുള്ളത്. അതോടൊപ്പം കോളജുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും ബോര്‍ഡിന് കീഴിലുണ്ട്. ഇവയാക്കെ നടന്ന് പോകുന്നത് പ്രധാനമായും ശബരിമലയില്‍ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ടാണ്.

ശബരിമലയ്ക്ക് വേണ്ടി പ്രത്യേക നിയമമുണ്ടാക്കിയാല്‍ ഈ ക്ഷേത്രങ്ങളുടെയും സ്ഥാപനങ്ങളുടെയും ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ തകരാറിലാകുകയും, വലിയ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരികയും ചെയ്യും. ആറായിരത്തോളം ജീവനക്കാരാണ് ബോര്‍ഡിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും കീഴിലുള്ളത്. കഴിഞ്ഞ തവണ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ മൂലം ബോര്‍ഡിന്റെ വരുമാനം ഗണ്യമായി ഇടിഞ്ഞത് വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുകയും പല ക്ഷേത്രങ്ങളിലെയും, സ്ഥാപനങ്ങളിലെയും ദൈനംദിന ചിലവുകളെ ബാധിക്കുകയും ചെയ്തിരുന്നു.

ശബരിമലയെ പ്രത്യേക നിയമത്തിന്‍റെ കീഴില്‍ കൊണ്ടുവന്നാല്‍ 1200 ക്ഷേത്രങ്ങളും ബുദ്ധിമുട്ടിലാവും. 1949 ലെ കവനന്‍റും, അതിനെ തുടര്‍ന്ന് 1950 ല്‍ ഉണ്ടായ ആക്ടിന്‍റെയും അടിസ്ഥാനത്തിലാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിലവില്‍ വന്നത്. ആക്ടില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത് പോലെയാണ് ഇപ്പോഴും ദേവസ്വം ബോര്‍ഡിന്‍റെ ഭരണം നടക്കുന്നതും, അതില്‍ നിന്ന് യാതൊരു മാറ്റവും വരുത്തേണ്ട സാഹചര്യം ഇപ്പോഴില്ലന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Ramesh Chennithala
Comments (0)
Add Comment