‘പരിചയസമ്പന്നരായ കൗണ്ടിംഗ് ഏജന്‍റിനെ മാത്രമേ എണ്ണാന്‍ നിയമിക്കാവൂ ; കവറില്‍ വോട്ടറുടെ ഒപ്പില്ലെങ്കിലും എണ്ണാന്‍ സമ്മതിക്കരുത്’ : കര്‍ശന നിര്‍ദ്ദേശം നല്‍കി രമേശ് ചെന്നിത്തല

തിരുവനന്തപുരം : ബാലറ്റ് വിതരണത്തില്‍ ക്രമക്കേടുണ്ടെന്ന ആരോപണം ഉന്നയിച്ചതിന് പിന്നാലെ ഇത്തവണ യു.ഡി.എഫ് കൗണ്ടിംഗ് ഏജന്‍റുമാര്‍ക്ക് തപാല്‍ വോട്ടെണ്ണുമ്പോള്‍ നല്ല ശ്രദ്ധവേണമെന്ന സര്‍ക്കുലറുമായി പ്രതിപക്ഷ നേതാവ് രമേശ്  ചെന്നിത്തല. വോട്ടര്‍പട്ടികയിലും തപാല്‍ ബാലറ്റിലും ഇരട്ടിപ്പുണ്ടെന്ന വാദം  ഇലക്ഷന് മുന്‍പ് അദ്ദേഹം ഉന്നയിച്ചിരുന്നു.

തിരഞ്ഞെടുപ്പ് ചുമതലയുളള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് രോഗികള്‍ക്കും പുറമെ എണ്‍പത് വയസ് കഴിഞ്ഞവര്‍ക്കും ഇത്തവണ തപാല്‍വോട്ടായതോടെയാണ് ഇക്കാര്യത്തില്‍ അതീവ ശ്രദ്ധവേണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരിക്കുന്നത്. തപാല്‍ ബാലറ്റ് എണ്ണുമ്പോള്‍ അസ്വാഭാവികത ശ്രദ്ധയില്‍പെട്ടാല്‍ തടസവാദം ഉന്നയിക്കണം, പരിചയസമ്പന്നരായ കൗണ്ടിംഗ് ഏജന്‍റിനെ മാത്രമേ എണ്ണാന്‍ നിയമിക്കാവൂ, തപാല്‍ വോട്ടിന്‍റെ കവറില്‍ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടോ എന്ന് നോക്കണം. കവറില്‍ വോട്ടറുടെ ഒപ്പില്ലെങ്കിലും എണ്ണാന്‍ സമ്മതിക്കരുത്.

കവറില്‍ നല്‍കിയിരിക്കുന്ന സീരിയല്‍ നമ്പരും ബാലറ്റിലെ ക്രമനമ്പരും രണ്ടാണെങ്കില്‍ അത് അസ്വാഭാവികമായി കണക്കാക്കണം. ഓരോ മണ്ഡലത്തിലെയും തപാല്‍ വോട്ടുകളുടെ എണ്ണം നേരത്തെ തന്നെ വാങ്ങണം. തിരികെ ലഭിച്ച വോട്ടുകള്‍ കൂടുതലാണെങ്കില്‍ മണ്ഡലത്തിലെ ചീഫ് ഇലക്ഷന്‍ ഏജന്‍റ് ശക്തമായി പ്രതിഷേധിക്കുകയും ഫലപ്രഖ്യാപനം നടത്താന്‍ പാടില്ലെന്ന് ആവശ്യപ്പെടണമെന്നും പ്രതിപക്ഷനേതാവ് കൗണ്ടിംഗ് ഏജന്‍റുമാരോട് ആവശ്യപ്പെടുന്നു.

Comments (0)
Add Comment