വിഡ്ഡിത്തരങ്ങള്‍ പറഞ്ഞ് മോദി ജനങ്ങളെ അപമാനിക്കരുത് : രമേശ് ചെന്നിത്തല.

Jaihind Webdesk
Tuesday, May 14, 2019

തിരുവനന്തപുരം:  താന്‍ വിഡ്ഡിയാണെന്ന്  ലോകത്തെ ബോധ്യപ്പെടുത്താന്‍ വേണ്ടി  മാത്രം ഒരു പ്രധാനമന്ത്രി ഇന്ത്യക്ക്    ആവശ്യമില്ലന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.      വിവരക്കേടുകളും വിഡ്ഡിത്തങ്ങളും വാരി വിളമ്പി ഇന്ത്യയിലെ 120 കോടി ജനങ്ങളെ  നരേന്ദ്ര മോദി നിരന്തരം അപമാനിച്ചുകൊണ്ടിരിക്കുകയാണ്.  ഇന്ത്യയുടെ പ്രധാനമന്ത്രി കസേരയിലിരിക്കുന്നയാള്‍ക്ക് തന്റെ രാജ്യത്തെക്കുറിച്ചെങ്കിലും സാമാന്യ ബോധം വേണം.  തന്നെ  തിരഞ്ഞെടുത്ത ജനങ്ങള്‍ മുഴുവന് വിഡ്ഡികളാണെന്നും അത് കൊണ്ട് താന്‍ എന്ത്  മണ്ടത്തരം വിളിച്ച് കൂവിയാലും  അവര്‍ അത്  കയ്യടിച്ച് സ്വീകരിക്കുമെന്നുമാണ് അദ്ദേഹം കരുതുന്നത്.  എന്നാല്‍  കഴിഞ്ഞ തിരഞ്ഞെടുപ്പില്‍  പറ്റിയ അബദ്ധമോര്‍ത്ത് ഇന്ത്യയിലെ  ജനങ്ങള്‍ ഇപ്പോള്‍  തലയില്‍  കൈ വയ്കുകയാണ്. നോട്ട് നിരോധനവും, ജി എസ് ടിയും ഉള്‍പ്പെടെ തൊടുന്നതെല്ലാം അബദ്ധമാക്കിമാറ്റിയ നരേന്ദ്രമോദിയെ എങ്ങിനെയെങ്കിലും പ്രധാനമന്ത്രി കസേരയില്‍ നിന്നിറക്കി വിട്ട് ആശ്വസിക്കാന്‍  വെമ്പല്‍ കൊണ്ട് നില്‍ക്കുകയാണ് ഇന്ത്യന്‍ ജനത.  ഈ ലോക്  സഭാ തിരഞ്ഞെടുപ്പിനെ അതിനുള്ള സുവര്‍ണ്ണാവസരമായി ഇന്ത്യന്‍ ജനതകാണുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഡിജിറ്റല്‍ ക്യാമറയും, ഇമെയിലും താന്‍ 30 വര്‍ഷം ഉപയോഗിച്ചുവെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിയെപ്പോലൊരാള്‍ പറയുമ്പോള്‍  കൊച്ചുകുട്ടികള്‍ പോലും ചിരിക്കുകയാണ്. ഓരോ ദിവസം ജനങ്ങള്‍ക്ക് ചിരിക്കാനുള്ള വകയുണ്ടാക്കി നല്‍കലല്ല ഇന്ത്യന്‍  പ്രധാനമന്ത്രിയുടെ ജോലി.  ജവഹര്‍ലാന്‍ നെഹ്‌റു മുതല്‍ മന്‍മോഹന്‍ സിംഗ് വരെ അതുല്യരായ വ്യക്തിത്വങ്ങള്‍ അലങ്കരിച്ച കസേരിയിലിരുന്നാണ് മോദി ഈ വിടുവായത്തങ്ങളെല്ലാം വാരി വിളമ്പുന്നത്.   താന്‍ ഇരിക്കുന്ന   കസേരയുടെ അന്തസ് കളഞ്ഞ് കുളിക്കാതിരിക്കുക എന്നതാണ്  ഒരു വ്യക്തിക്ക് തന്റെ കസേരയോട് കാണിക്കാവുന്ന ഏറ്റവും  വലിയ നീതിയെന്ന് മോദി മനസിലാക്കുന്നില്ല. ലോകത്തിലെ മുമ്പില്‍ ഇപ്പോള്‍ ഇന്ത്യയുടെ    പ്രധാനമന്ത്രി ഒരു കോമാളിയെപ്പോലെ നില്‍ക്കുകയാണ്. ഇതിന്റെ നാണക്കേട് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയിലെ ജനങ്ങള്‍ക്കാണ്  എന്ന്  അദ്ദേഹം ഇനിയെങ്കിലും മനസിലാക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.