നവോത്ഥാനത്തെക്കുറിച്ച് കോണ്‍ഗ്രസിനെ പഠിപ്പിക്കാന്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയും തുനിയേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എ.ഐ.സി.സി. ആഹ്വാനപ്രകാരം തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ബൂത്ത് അടിസ്ഥാനത്തിൽ നടത്തുന്ന ശക്തി, ലോക് സമ്പർക്ക് അഭിയാൻ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കവേയാണ്
മുഖ്യമന്ത്രിയ്ക്കും സിപിഎമ്മിനും എതിരെ രമേശ് ചെന്നിത്തല ആഞ്ഞടിച്ചത്.
ശബരിമല വിഷയം രാഷ്ട്രീയവൽക്കരിക്കാത്തത് കൊണ്ടാണ് കൊടിപിടിച്ചു ഉള്ള സമരം കോൺഗ്രസ് സംഘടിപ്പിക്കാത്തത്. ഇതു സംബന്ധിച്ച് പുറത്ത് വന്ന മാധ്യമ വാർത്തകൾ തെറ്റാണ്. സംസ്ഥാനത്ത് വർഗീയത സൃഷ്ടിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ശബരിമല വിഷയത്തിൽ ബി.ജെ.പിയും സി.പി.എമ്മും ജനങ്ങളെ കബളിപ്പിക്കുകയാണ്. കോൺഗ്രസിനും യു.ഡി.എഫിനും ഇക്കാര്യത്തിൽ വ്യക്തമായ നിലപാട് ഉണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ബ്രൂവറി-ഡിസ്റ്റലറി അഴിമതയിൽ കള്ളനെ കൈയോടെ പിടിക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞു. ഇക്കാരണത്താലാണ് നൽകിയ അനുമതി പിൻവലിച്ചത്. ജനങ്ങൾക്ക് അഴിമതി ബോധ്യപെട്ടു.
കേന്ദ്ര-കേരള സർക്കാരുകൾ എല്ലാം രംഗത്തും പരാജയമാണെന്ന് അദ്ദേഹം കുറ്റപെടുത്തി.
പ്രളയ ദുരിതബാധിതർക്കായി ഫണ്ട് പിരിക്കുന്ന ആവേശം കൊടുക്കുന്നതിൽ കാണുന്നില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.