കേരളത്തിലെ ജനങ്ങളുടെ സർവ്വെ യുഡിഎഫിന് അനൂകൂലം : രമേശ് ചെന്നിത്തല

Jaihind News Bureau
Saturday, March 20, 2021

 

തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ സർവ്വെ യുഡിഎഫിന് അനുകൂലമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മാധ്യമങ്ങൾ നടത്തുന്ന സർവ്വെകൾ പരാജയപ്പെടുന്നതാണ് കഴിഞ്ഞ വർഷങ്ങളിൽ നാം കാണുന്നത്. കേരളത്തിലെ ജനങ്ങൾ യുഡിഎഫിന് അനുകൂലമായി ചിന്തിക്കുന്നു. അടുത്ത കേരളം ഭരിക്കുന്നത് യുഡിഎഫ് ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാർത്ഥി ഡോ.എസ്.എസ്. ലാലിന്റെ കേന്ദ്ര കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർവ്വെകൾ ആരും വിശ്വസിക്കുന്നില്ല. കേരളത്തിലെ ജനങ്ങളുടെ സർവ്വെ യുഡിഎഫിന് അനുകൂലമാണ്. നിയോജക മണ്ഡലത്തിലെ നിലവിലെ എംഎൽഎ ദേവസ്വം മന്ത്രി ജനങ്ങളോട് മാപ്പ് ചോദിച്ചു. ഗുരുതര കുറ്റമാണ് മുഖ്യമന്ത്രിയും, ദേവസ്വം മന്ത്രിയും കാണിച്ചത്. യുഡിഎഫ് വിശ്വാസികളോടൊപ്പമാണ് എപ്പോഴും. എവിടെ വിശ്വാസ ലംഘനം ഉണ്ടാകുമോ അവിടെ യുഡിഎഫ് ഉണ്ടാകും. സുപ്രീം കോടതി വിധി വന്നപ്പോൾ നവോത്ഥാന നായകന്റെ വേഷം കെട്ടി പിണറായി ആടുകയായിരുന്നു.

ഉമ്മൻചാണ്ടി സർക്കാർ നൽകിയ അഫിഡവിഡ് പിൻവലിച്ച് പുതിയ അഫിഡവിറ്റ് പിണറായി സർക്കാർ നൽകിയപ്പോഴാണ് അനൂകൂല വിധി വന്നത്. വിധി വന്നപ്പോൾ നടപ്പാക്കാൻ എന്ത് ധൃതിയായിരുന്നു സർക്കാരിന്. ഇപ്പോൾ പാർട്ടിയുടെ നിലപാട് മാറിയോ എന്നും ചെന്നിത്തല ചോദിച്ചു. മാപ്പു പറയേണ്ടത് കടകംപള്ളിയല്ല. മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രി മാപ്പ് പറഞ്ഞ് അഫിഡവിറ്റ് മാറ്റിക്കൊടുക്കുമോ എന്നും ചെന്നിത്തല ചോദിച്ചു

പാർട്ടിക്കൊരു നയം, സർക്കാരിന് ഒരു നയമെന്നാണ് ഇപ്പോൾ സിപിഎം പറയുന്നത്. അത് എങ്ങനെ നടപ്പിലാക്കാൻ കഴിയുമെന്നും ചെന്നിത്തല ചോദിച്ചു. വിശ്വാസി സമൂഹത്തെ കബളിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോൾ ഇടതുപക്ഷം നടത്തുന്നത്. യുഡിഎഫ് സർക്കാർ വരുമ്പോൾ ശബരിമലയ്ക്ക് പ്രത്യേക നിയമഭേദഗതി കൊണ്ടു വരുമെന്നും ചെന്നിത്തല പറഞ്ഞു.