
ഒഡിഷയില്‍ ക്രിസ്ത്യന്‍ വൈദികനെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ച് മര്‍ദ്ദിക്കുകയും ബലമായി ചാണകം തീറ്റിക്കുകയും ചെയ്ത സംഭവം അങ്ങേയറ്റം പ്രാകൃതവും ക്രൂരവുമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ഈ ആക്രമണത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ക്രൈസ്തവരുള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് സംഘപരിവാര്‍ ശക്തികള്‍ ആക്രമണം നടത്തുകയാണെന്നും ബിജെപി ഭരണത്തിന്റെ തണലിലാണ് ഇത്തരം നീക്കങ്ങള്‍ നടക്കുന്നതെന്നും ചെന്നിത്തല ചൂണ്ടിക്കാണിച്ചു. ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും അത് പ്രചരിപ്പിക്കാനുമുള്ള പൗരന്റെ ഭരണഘടനാപരമായ അവകാശത്തെ ഇല്ലാതാക്കുന്ന ഇത്തരം അക്രമങ്ങള്‍ ജനാധിപത്യത്തിനും മതേതരത്വത്തിനും ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു.
വൈദികനെ ചെരുപ്പുമാല അണിയിക്കുകയും ബലമായി ചാണകം തീറ്റിക്കുകയും ചെയ്ത സംഭവം അതീവ ഗുരുതരമാണെന്നും മതേതര സമൂഹത്തിന്റെ അടിത്തറ തന്നെ ഇളക്കുന്ന ഇത്തരം പ്രവണതകള്‍ക്കെതിരെ ശക്തമായ നിയമനടപടി അനിവാര്യമാണെന്നും ചെന്നിത്തല വ്യക്തമാക്കി.
ഒഡീഷയിലെ ബിജെപി സര്‍ക്കാര്‍ അക്രമികള്‍ക്ക് കൂട്ടുനില്‍ക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും ആക്രമണത്തിന് നേതൃത്വം നല്‍കിയവരെ ഉടന്‍ അറസ്റ്റ് ചെയ്ത് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ചെന്നിത്തല പറഞ്ഞു.