കെ ശങ്കരനാരായണന്‍റെ നിര്യാണത്തിൽ രമേശ് ചെന്നിത്തല അനുശോചിച്ചു

Jaihind Webdesk
Monday, April 25, 2022

 

മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഗവർണറുമായിരുന്ന കെ ശങ്കരനാരായണന്‍റെ നിര്യാണത്തിൽ രമേശ് ചെന്നിത്തല അനുശോചിച്ചു.

കേരളത്തിലെ കോൺഗ്രസ് പാർട്ടി പല നിർണ്ണായക ഘട്ടങ്ങളെ അഭിമുഖീകരിച്ചിട്ടുള്ളപ്പോഴും പാർട്ടിയുടെ ശക്തിദുർഗമായി നിലകൊള്ളാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. ഐക്യ ജനാധിപത്യമുന്നണിയിൽ എന്തെങ്കിലും അസ്വാരസ്യങ്ങൾ ഉടലെടുത്തിട്ടുള്ളപ്പോഴൊക്കെ യുഡിഎഫ് കൺവീനർ എന്ന നിലയിൽ തന്‍റെ വ്യക്തിബന്ധവും സൗഹൃദബന്ധവും നയചാതുരിയും ഉപയോഗിച്ച് പരിഹാരം കണ്ടെത്താൻ അദ്ദേഹത്തിന് അനായാസം സാധിച്ചിരുന്നു.

എപ്പോഴും പുഞ്ചിരി നിറഞ്ഞ മുഖവുമായി മാത്രം കാണപ്പെടാറുള്ള അദ്ദേഹം, പാർട്ടിയിലെ ഞാനുൾക്കൊള്ളുന്ന പുതിയ തലമുറയുടെ വളർച്ചയ്ക്ക് പകർന്നുനൽകിയിട്ടുള്ള ഊർജം ഒട്ടും ചെറുതല്ല. പാർട്ടിയിലുള്ള അദ്ദേഹത്തിന്‍റെ അടിയുറച്ച വിശ്വാസവും അർപ്പണബോധവും കഠിനാധ്വാനവും പുതിയ പാർട്ടിപ്രവർത്തകർക്ക് മാതൃകയാകേണ്ടതുണ്ട്. അദ്ദേഹം ഒരു ജ്യേഷ്ഠസഹോദരനെപ്പോലെ സ്നേഹവും വാത്സല്യവും എന്നിൽ കോരിച്ചൊരിഞ്ഞിരുന്നു. വ്യക്തിപരമായും അദ്ദേഹത്തിന്‍റെ വിയോഗം തനിക്ക് വലിയൊരു നഷ്ടമാണെന്നും രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തിൽ പറഞ്ഞു