NSS ഓഫീസുകള്‍ക്കെതിരെ നടക്കുന്ന വ്യാപക അക്രമണങ്ങളെ അപലപിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: എന്‍ എസ് എസ് കരയോഗം ഓഫീസുകള്‍ക്ക് നേരെ വ്യാപകമായി നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശക്തിയായ പ്രതിഷേധിച്ചു. ആക്രമണത്തിന് നേതൃത്വം നല്‍കിയവരെ ആരെയും അറസ്റ്റ് ചെയ്യാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. സര്‍ക്കാരുമായി വിയോജിപ്പ് വച്ചു പുലര്‍ത്തുന്ന സംഘടനകളുടെ ഓഫീസുകള്‍ അടിച്ചു തകര്‍ക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. ഇന്ന് രാവിലെയും ചേര്‍ത്തലയില്‍ എന്‍ എസ് എസ് ഓഫീസിന് നേകെ ആക്രമണം നടക്കുകയും കൊടിമരം നശിപ്പിക്കുകയും ചെയ്തു. ഒരു ഡസനോളം ഓഫീസുകളാണ് അടിച്ച് തകര്‍ത്തത്. ഇത്രയും വ്യാപകമായ ആക്രണമങ്ങള്‍ അരങ്ങേറിയിട്ടും അവയെക്കുറിച്ച് കാര്യക്ഷമമായ അന്വേഷണം പോലും നടക്കുന്നില്ല. അക്രമികള്‍ക്ക് നേരെ പൊലീസ് നടപടി ഉണ്ടാകാത്തതാണ് ഇത്തരക്കാര്‍ക്ക് പ്രോല്‍സാഹനമാകുന്നത്. എന്‍ എസ് എസ് ഓഫീസുകള്‍ക്ക് നേരെ നിരന്തരം അക്രമങ്ങള്‍ നടന്നിട്ടും അതിനെ അപലപിക്കാന്‍ മുഖ്യമന്ത്രിയും, സി പി എം നേതാക്കളും തയ്യാറാകാത്തത് ദുരൂഹമാണ്. സംസ്ഥാനത്ത് സാമുദായക ധ്രൂവീകരണം ഉണ്ടാക്കാന്‍ സി പി എമ്മും, സര്‍ക്കാരും ശ്രമിക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
പ്രതികളെ പിടിക്കുന്നതില്‍ പൊലീസിന്റെ ഭാഗത്ത് നിന്നും വലിയ വീഴ്ചയാണുണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് സംഘര്‍ഷം വ്യാപിപ്പിക്കാനുള്ള ശ്രമത്തെ മുളയിലെ നുള്ളാന്‍ സര്‍ക്കാരിന് കഴിയാത്തതാണ് ഇതിനെല്ലാം കാരണമെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

Ramesh Chennithala
Comments (0)
Add Comment