സ്വർണ്ണക്കടത്ത് പ്രതികളുമായുള്ള സംശയകരമായ ബന്ധം സഭയുടെ അന്തസിന് നിരക്കാത്തത്; സ്പീക്കർക്കെതിരെ രമേശ് ചെന്നിത്തല

Jaihind News Bureau
Monday, August 24, 2020

 

തിരുവനന്തപുരം : സ്പീക്കര്‍ക്കെതിരായ പ്രമേയം പരിഗണിക്കാത്തതിനെതിരെ പ്രതിപക്ഷം. സ്പീക്കർ സ്ഥാനത്തുനിന്ന് ഒഴിഞ്ഞ് അംഗങ്ങൾക്കിടയിലേക്ക് വന്നിരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സ്വർണക്കടത്ത് പ്രതികളുമായി സ്പീക്കർക്ക് ബന്ധമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. സഭാ സമ്മേളനത്തിന് സമൻസ് അയച്ചത് പത്തു ദിവസം മുൻപ് മാത്രമാണ്. 15 ദിവസം മുമ്പ് സമൻസ് അയക്കണം എന്ന ചട്ടം പാലിച്ചില്ലെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

ഗുരുതരമായ ആക്ഷേപമാണ് സ്പീക്കര്‍ക്കെതിരെ ഉയര്‍ന്നുവന്നിരിക്കുന്നത്. സ്വര്‍ണക്കടത്തു കേസിലെ പ്രതികളുമായി സ്പീക്കര്‍ക്കുള്ള വ്യക്തിപരമായ ബന്ധം സഭയ്ക്ക് അപകീര്‍ത്തികരമാണെന്നും നിയമസഭയുടെ അന്തസിനും ഔന്യത്യത്തിനും മാന്യതയ്ക്കും നിരക്കാത്തതാണ്  ബന്ധമെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ സാങ്കേതികത്വത്തില്‍ കടിച്ചുതൂങ്ങാതെ സ്പീക്കര്‍ക്കെതിരായ പ്രമേയം ചര്‍ച്ച ചെയ്യാനുള്ള അവസരം ഒരുക്കുക എന്നത് സഭയുടെ അവകാശമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.