കൊവിഡ് പ്രതിരോധം പാളിയതില്‍ മുഖ്യമന്ത്രിയുടെ പഴി ഉദ്യോഗസ്ഥർക്കും പ്രതിപക്ഷത്തിനും; കഴിവുകെട്ട പണിക്കാരന്‍ തോല്‍വിക്ക് മറ്റുള്ളവരെ പഴിക്കുമെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Thursday, August 6, 2020

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ കൊവിഡ് പ്രതിരോധം പാളിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിരോധം പാളിയതുകൊണ്ട് മുഖ്യമന്ത്രി ഉദ്യോഗസ്ഥരേയും പ്രതിപക്ഷത്തേയും പഴിക്കുകയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രതിപക്ഷം സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കഴിവുകെട്ട പണിക്കാരന്‍ തോല്‍വിക്ക് മറ്റുള്ളവരെ പഴിക്കും. കൊവിഡ് പടർന്നതിന് രാവിലെ ഉദ്യോഗസ്ഥരേയും വൈകിട്ട് പ്രതിപക്ഷത്തേയും പഴിക്കുകയാണ്  മുഖ്യമന്ത്രി. സ്വന്തം ഇരട്ട മുഖം മറച്ചു വയ്ക്കാനാണ് മുഖ്യമന്ത്രി തന്നെ കുറ്റം പറയുന്നത്. സർക്കാരിനെതിരായ അഴിമതികള്‍ പുറത്തു കൊണ്ടുവരാന്‍ ജനങ്ങൾ പ്രതിപക്ഷത്തെ ഏല്‍പ്പിച്ചു. അതുകൊണ്ടുതന്നെ അഴിമതിക്കെതിരെ പോരാടും. സർക്കാർ അഴിമതികള്‍ നടത്താനെടുക്കുന്ന സമയം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങള്‍ നടത്തിയെങ്കിൽ ഉപയോഗപെട്ടേനെയെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷം നടത്തിയ സമരത്തിന്‍റെ  ഭാഗമായാണോ കൊവിഡ് വ്യാപനം ഉണ്ടായതെന്ന് മുഖ്യമന്ത്രി പറയണം. മുഖ്യമന്ത്രി ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. ട്രിപ്പിൾ ലോക്ഡൗണ്‍ സമയത്ത് സർക്കാർ എൻട്രൻസ് പരീക്ഷ നടത്തി. കൊവിഡ് ടെസ്റ്റ്‌ തുടക്കത്തിലെ കൂടുതൽ നടത്തിരുന്നുവെങ്കില്‍ വ്യാപനം കുറയ്ക്കാമായിരുന്നു. ആരോഗ്യ പ്രവർത്തകർ ചെയ്യണ്ട കാര്യങ്ങൾ പൊലീസിനെ ഏല്‍പ്പിച്ചത് തെറ്റാണ്. ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിച്ചത് ഗൗരവകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.