ആലപ്പുഴ : ആഴക്കടല്‍ ധാരണാപത്രം ഇതുവരെ റദ്ദാക്കാത്തത് കള്ളക്കളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വീണ്ടും അധികാരത്തില്‍ വന്നാല്‍ നടപ്പാക്കാനാണ് കോഴ ലഭിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ‘ആഴക്കടല്‍ മത്സ്യക്കൊള്ളയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ ഇ.എം.സി.സിയുമായി 2020 ഫെബ്രുവരി 28-ന് അസെന്‍ഡില്‍ വെച്ച് ഒപ്പിട്ട ധാരണാപത്രം ഇതുവരെ റദ്ദാക്കിയിട്ടില്ല.
റദ്ദാക്കും എന്ന് പറയുന്നതേയുള്ളൂ. ഒരു മാസം കഴിഞ്ഞിട്ടും ധാരണാപത്രം റദ്ദാക്കിയിട്ടില്ലെന്നാണ് തനിക്ക് ലഭിച്ച വിവരം. 400 യന്ത്രവത്കൃത ബോട്ടുകളും യാനങ്ങള്‍ നിര്‍മിക്കാനുള്ള കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് കോര്‍പറേഷനുമായി ഇ.എം.സി.സി. ഒപ്പിട്ട ധാരണാപത്രം മാത്രമാണ് റദ്ദാക്കിയിട്ടുള്ളത്. ഇ.എം.സി.സി. സര്‍ക്കാരുമായി ഒപ്പിട്ട ഒറിജിനല്‍ ധാരണാപത്രം ഇപ്പോഴും നിലനില്‍ക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.