‘എഴുത്തിലും ജീവിതത്തിലും ഗാന്ധിയൻ വിശുദ്ധി കാത്തു സൂക്ഷിച്ച സർഗ്ഗ പ്രതിഭ’ ; അനുശോചിച്ച് രമേശ്‌ ചെന്നിത്തല

Jaihind News Bureau
Wednesday, December 23, 2020

 

തിരുവനന്തപുരം : പ്രശസ്ത കവയിത്രി സുഗതകുമാരിയുടെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല അഗാധമായ ദുഃഖം രേഖപ്പെടുത്തി. തന്റെ പിതാവായ ബോധേശ്വരനെപ്പോലെതന്നെ എഴുത്തിലും, കർമത്തിലും, ജീവിതത്തിലും ഗാന്ധിയൻ വിശുദ്ധി കാത്തു സൂക്ഷിച്ച സർഗ്ഗ പ്രതിഭയായിരുന്നു സുഗതകുമാരി.  എംഎൽഎ ആയ കാലം മുതൽ  സുഗതകുമാരിയുമായി  അടുത്ത ബന്ധം കാത്തു സൂക്ഷിക്കാൻ   കഴിഞ്ഞിരുന്നു. എത്രയോ തവണ നന്ദാവനത്തെ അവരുടെ വീട്ടിലെത്തി ആ സ്നേഹവാത്സല്യങ്ങൾ അനുഭവിക്കാനുള്ള ഭാഗ്യവും ഉണ്ടായിട്ടുണ്ട്.

ഇരുപതാം നൂറ്റാണ്ടിൽ മലയാള ഭാഷയിൽ ഉണ്ടായ അതുല്യ പ്രതിഭകളും  സർഗ്ഗധനരുമായ കവികളുടെ കൂട്ടത്തിലാണ് സുഗത കുമാരിയുടെ സ്ഥാനം. തന്റെ കവിതകളിലൂടെ ഒരു പുതിയ പാരിസ്ഥിതികാവബോധം  അനുവാചകർക്ക് പകർന്നു നൽകാൻ അവർക്ക് കഴിഞ്ഞു. സ്ത്രീകൾ, കുട്ടികൾ,  ആലംബ ഹീനരായ ജനവിഭാഗങ്ങൾ എന്നിവരുടെ ഉന്നമനത്തിനുവേണ്ടിയാണ് തന്റെ കവിതയുടെ ശക്തി അവർ എക്കാലവും ഉപയോഗിച്ചത്.

സാഹിത്യലോകത്ത് അവരെ തേടി എത്താത്ത ബഹുമതികൾ ഇല്ലെങ്കിലും അതിനെല്ലാം മേലെ മാനവികതയുടെ ശബ്ദമാണ് തന്റെ കവിതയുടെ കാതൽ എന്ന് അവർ എന്നും വിശ്വസിച്ചിരുന്നു. സുഗതകുമാരിയുടെ നിര്യാണം മലയാളസാഹിത്യ ലോകത്തിലെ ഒരു യുഗാസ്തമയമാണെന്നും രമേശ്‌    ചെന്നിത്തല തന്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു.