രാമനാട്ടുകര : സിപിഎം പ്രവർത്തകന്‍ അർജ്ജുൻ ആയങ്കിക്ക് ആകാശ് തില്ലങ്കേരിയുമായി അടുത്ത ബന്ധം ; സ്വര്‍ണ്ണക്കടത്ത് അന്വേഷണം ആകാശിലേക്കും

Jaihind Webdesk
Thursday, June 24, 2021

കണ്ണൂർ : രാമനാട്ടുകര വാഹനാപകടവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സ്വര്‍ണ്ണക്കടത്ത് സംഘത്തിലെ പ്രധാനി കണ്ണൂർ അഴീക്കൽ സ്വദേശി അർജ്ജുൻ ആയങ്കിക്ക് ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുമായി അടുത്ത ബന്ധം. സ്വര്‍ണ്ണക്കടത്ത് അന്വേഷണം ആകാശ് തില്ലങ്കേരിയിലേക്കും നീളുന്നു. അപകടത്തിന് ശേഷം അർജ്ജുൻ ആയങ്കി ആകാശ് തില്ലങ്കേരിയെ ഫോൺ വിളിച്ച് സംസാരിച്ചതായും സൂചന.

ഇക്കഴിഞ്ഞ ജൂണ്‍ 21 ന് പുലര്‍ച്ചെയാണ് കോഴിക്കോട് രാമനാട്ടുകരയിൽ വാഹനാപകടം നടന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കണ്ണൂരിലെ സ്വർണ്ണക്കടത്ത് സംഘത്തെക്കുറിച്ചുള്ള കാര്യങ്ങൾ പുറത്തുവന്നു. ഇതിൽ നിന്നും സി.പി.എം പ്രവർത്തകനായ അര്‍ജ്ജുന്‍ ആയങ്കിയാണ് സ്വര്‍ണ്ണക്കവര്‍ച്ച ആസൂത്രണം ചെയ്തതെന്ന് വ്യക്തമായി. ഷുഹൈബ് വധക്കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിയടക്കമുള്ളവരുമായി അർജ്ജുന് അടുത്ത ബന്ധമാണുള്ളത്. അപകടത്തിന് ശേഷം അർജ്ജുൻ ആയങ്കി ഒളിവിൽ പോവുകയായിരുന്നു. ഇതിനിടെ ആകാശ് തില്ലങ്കേരിയുമായി ഫോണിൽ സംസാരിച്ചതായും സൂചനയുണ്ട്.

വിമാനത്തില്‍ സ്വര്‍ണം കടത്തിയ ആള്‍ നിരന്തരം അര്‍ജ്ജുന്‍‌ ആയങ്കിയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. സ്വര്‍ണം കടത്താന്‍ ശ്രമിച്ച ആളുടെ അറിവോടെയാണ് അര്‍ജ്ജുന്‍ ആയങ്കി കവര്‍ച്ച ചെയ്യാന്‍ ശ്രമം നടത്തിയതെന്നും കസ്റ്റംസ് വൃത്തങ്ങള്‍ പറയുന്നു. അന്വേഷണത്തിൻ്റെ ഭാഗമായി അർജുൻ ആയങ്കിയുടെ കണ്ണൂർ അഴിക്കോട്ടെ വീട്ടിൽ കസ്റ്റംസ് പരിശോധന നടത്തി. കണ്ണൂരിലെ കസ്റ്റംസ് പ്രിവന്റ്റീവ് വിഭാഗം ആണ് റെയ്ഡ് നടത്തിയത്. ചുവന്ന സ്വിഫ്റ്റ് കാറില്‍ ആയങ്കി സംഭവ സ്ഥലത്ത് എത്തിയ സി.സി.ടിവി ദൃശ്യങ്ങളും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. എന്നാല്‍ വീട്ടില്‍ നിന്നും ഒന്നും കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്കായിട്ടില്ല.

റെയ്ഡ് നടക്കുന്ന സമയം വീട്ടില്‍ ഇല്ലാതിരുന്നതിനാല്‍ അര്‍ജ്ജുന്‍ ആയങ്കിയോട് ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. അര്‍ജ്ജുന്‍ ആയങ്കിയും ആകാശ് തില്ലങ്കേരിയും  അടുത്ത കാലത്തായി ആർഭാട ജീവിതം നയിച്ചു വരികയാണ്. ഇത് സിപിഎമ്മിനുള്ളിലും ചർച്ചയായിരുന്നു.  പ്രാദേശിക സിപിഎം നേതാക്കളുമായുള്ള സംഘർഷത്തെ തുടർന്ന് സിപിഎം നേതൃത്വം അര്‍ജ്ജുന്‍ ആയങ്കിയെ തള്ളിപ്പറഞ്ഞിരുന്നു. എന്നാൽ ആകാശ് തില്ലങ്കേരി സിപിഎമ്മിലും ഡിവൈഎഫ്ഐയിലും സജീവമാണ്. ഇതിനിടെയാണ് സ്വർണ്ണക്കടത്തിൻ്റെ അന്വേഷണം ആകാശ് തില്ലങ്കേരിയിലേക്കും നീളുന്നത്.