പ്രതിപക്ഷ പ്രതിഷേധങ്ങൾക്കൊടുവിൽ കാർഷിക ബില്ലുകൾ പാസാക്കി രാജ്യസഭ

Jaihind News Bureau
Sunday, September 20, 2020

പ്രതിപക്ഷ പ്രതിഷേധങ്ങൾക്കൊടുവിൽ കാർഷിക ബില്ലുകൾ രാജ്യസഭ പാസാക്കി. വിപണിയിലെ നിയന്ത്രണങ്ങൾ ഒഴിവാക്കാനും കരാർ കൃഷിക്കുമുള്ള ബില്ലുകളാണ് പാസാക്കിയത്. കാർഷിക ബില്ലുകൾ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി.

കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറാണ് ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചത്. അവതരണത്തെ എതിർത്ത് കോൺഗ്രസും ഇടതുപക്ഷവും രംഗത്തെത്തി. കർഷകരുടെ മരണ വാറന്റിൽ ഒപ്പിടാനാവില്ലെന്ന് കോൺഗ്രസ് അഭിപ്രായപ്പെട്ടു. കർഷക സമരങ്ങൾക്കിടെ കഴിഞ്ഞ ദിവസമാണ് ലോക്സഭയിൽ ബില്ലുകൾ പാസാക്കിയത്. രാഷ്ട്രപതി അംഗീകരിക്കുന്നതോടെ ബില്ലുകൾ നിയമമാകും. ബില്ല് അവതരണത്തിനിടെ പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചു.

പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടയിൽ ശബ്ദ വോട്ടോടുകൂടിയാണ് രാജ്യസഭയിൽ ബില്ലുകൾ പാസാക്കിയത്. ബിൽ പാർലമെന്ററി സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം തള്ളികൊണ്ടാണ് ബില്ലുകൾ സർക്കാർ പാസാക്കിയത്.

വിവാദമായ കാർഷിക ബില്ലുകൾ രാജ്യസഭയിൽ ചർച്ച ചെയ്യുന്നതിനിടെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. പ്രതിപക്ഷ അംഗങ്ങൾ രാജ്യസഭാ ഉപാധ്യക്ഷന്റെ ഡയസിലേക്ക് ഇരച്ചുകയറി. തൃണമൂൽ കോൺഗ്രസ് അംഗം ഡെറിക് ഒബ്രിയാന്‍റെ നേതൃത്വത്തിൽ നടുത്തളത്തിൽ ഇറങ്ങിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ഡെറിക് ഒബ്രിയാൻ ഉപാധ്യക്ഷന് നേരെ റൂൾ ബുക്ക് ഉയർത്തിക്കാണിച്ചു. മറ്റു പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധ മുദ്രാവാക്യങ്ങൾ മുഴക്കി. ഇതിനിടെ അംഗങ്ങൾ ബില്ലുകളുടെ പകർപ്പ് വലിച്ചുകീറുകയും ചെയ്തു.

കർഷകരുടെ മരണ വാറണ്ടാണ് ബില്ലുകളെന്ന് കോൺഗ്രസ് ആരോപിച്ചു. എൻഡിഎ സഖ്യ കക്ഷിയായ അകാലിദൾ, രാജ്യസഭയിൽ സർക്കാരിനെ എല്ലായ്‌പ്പോഴും പിന്തുണക്കാറുള്ള ബിജു ജനതാദൾ എന്നിവരടക്കം ബിൽ സെലക്ട് കമ്മിറ്റി വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു.