രാജീവ് ഗാന്ധിയുടെ 76-ാം ജന്മദിനം ഇന്ന്; ഓർമ്മകളില്‍ രാജ്യം

Jaihind News Bureau
Thursday, August 20, 2020

 

രാജീവ് ഗാന്ധിയുടെ എഴുപത്തി ആറാം ജന്മദിനം ഇന്ന്. ചരിത്രത്തിന്‍റെ ഇടനാഴികളില്‍ ഇന്നും ഉജ്ജ്വലമായി പ്രശോഭിച്ച് നില്‍ക്കുകയാണ് മുന്‍ പ്രധാനമന്ത്രിയും ഇന്ത്യ കണ്ട ധിഷണാശാലിയുമായ രാഷ്ട്രീയ നേതാവ്. ചരിത്രത്തില്‍ ഒത്തിരി അടയാളങ്ങള്‍ രേഖപ്പെടുത്തിയാണ് രാജീവ് ഗാന്ധി കടന്നു പോയത്. 1944 ല്‍ മുംബൈയില്‍ ആയിരുന്നു രാജീവ് ഗാന്ധിയുട ജനനം. ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി അധികാരത്തിലെത്തി. ഇന്ദിരാ ഗാന്ധിയുടെ മരണ ശേഷം നാല്‍പ്പതാമത്തെ വയസ്സിലായിരുന്നു രാജീവ് ഗാന്ധി പ്രധാനമന്ത്രിയായത്. കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിലും ലണ്ടനിലെ ഇംപീരിയല്‍ കോളേജിലുമായി ബിരുദ പഠനം നടത്തിയതിനു ശേഷം ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ പൈലറ്റായി ഔദ്യേഗിക ജീവിതം ആരംഭിച്ച രാജീവ് ഗാന്ധിക്ക് ആദ്യകാല ഘട്ടത്തില്‍ രാഷ്ട്രീയത്തില്‍ തീരെ താല്‍പ്പര്യമില്ലായിരുന്നു. എന്നാല്‍ സഞ്ജയ് ഗാന്ധിയുടെ മരണം പൊതുരംഗത്തേക്ക് കടന്നു വരാന്‍ രാജീവ് ഗാന്ധിയെ നിര്‍ബന്ധിതനാക്കി. ഇന്ദിരാ ഗാന്ധിയുടെ മരണത്തോടെ കോണ്‍ഗ്രസ് അധ്യക്ഷനായ അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയായി അധികാരത്തിലെത്തി.

1984 ലെ പൊതു തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തിലായിരുന്നു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. 491 ലോകസഭ മണ്ഡലങ്ങളില്‍ മത്സരിച്ച കോണ്‍ഗ്രസിന് 404 സീറ്റുകള്‍ നേടാന്‍ കഴിഞ്ഞത് രാജീവ് ഗാന്ധിയുടെ അസാധാരണമായ വ്യക്തിത്വം കൊണ്ടു കൂടിയായിരുന്നു. ഒട്ടനവധി നവീന പദ്ധതികള്‍ രാജീവ് സര്‍ക്കാര്‍ ഇന്ത്യയില്‍ ആവിഷ്‌കരിച്ചു. വിദ്യാഭ്യാസ രംഗത്തും, ശാസ്ത്ര സാങ്കേതിക വാര്‍ത്താവിനിമയ രംഗങ്ങളിലും ഇന്ത്യയില്‍ ഇന്നു കാണുന്ന പുരോഗതിക്ക് അടിത്തറയിട്ടത് രാജീവ് ഗാന്ധിയുടെ ദിശാ ബോധമായിരുന്നു. ആധുനിക ഇന്ത്യയുടെ സ്രഷ്ടാവായ രാജീവ് ഗാന്ധി 1991 ലെ പൊതു തെര്‌ഞ്ഞെടുപ്പില്‍ ശ്രീപെരുമ്പത്തൂരില്‍ വെച്ച് എല്‍ടിടി തീവ്രവാദികളാല്‍ വധിക്കപ്പെട്ടപ്പോള്‍ അനാഥമായത് ഒരു രാജ്യവും ജനതയുമായിരുന്നു. ഇന്നും ഇന്ത്യന്‍ ജനത രാജീവ് ഗാന്ധിയെ നിറസ്മരണകളോടെയാണ് ഓര്‍ക്കുന്നത്. ആരാധ്യനായ ഈ നേതാവിന്‍റെ  ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഇന്ത്യന്‍ ജനത ജന്മദിനാശംസകള്‍ നേരുകയാണ്.

teevandi enkile ennodu para