കൊവിഡിനെ നേരിടുന്നതില്‍ ഗെഹ്‌ലോട്ടിന്‍റെ രാജസ്ഥാന്‍ ഒന്നാമത്; പ്രതിരോധ നടപടികള്‍ കൃത്യം, നിയന്ത്രണങ്ങള്‍ കർശനം

Jaihind News Bureau
Friday, June 5, 2020

രാജ്യത്ത് പടർന്നുപിടിക്കുന്ന കൊവിഡിനെ നേരിടുന്നതില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന്‍ ഒന്നാം സ്ഥാനത്തെന്ന് കേന്ദ്ര സർക്കാര്‍ വിലയിരുത്തല്‍. രോഗബാധ ഏറ്റവും കൂടുതലുള്ള 10 സംസ്ഥാനങ്ങളിലെ രോഗികളുടെ എണ്ണം, ഭേദമായവർ, മരണസംഖ്യ എന്നിവ താരതമ്യം ചെയ്ത് തയാറാക്കിയ പട്ടികയിലാണ് കൊവിഡ് പ്രതിരോധത്തില്‍ അശോക്  ഗെഹ്‌ലോട്ടിന്‍റെ നേതൃത്വത്തിലുള്ള രാജസ്ഥാന്‍ സർക്കാർ ഒന്നാം സ്ഥാനത്ത് എത്തിയത്.

കൊവിഡ് രോഗത്തിന്‍റെ തുടക്കത്തില്‍ തന്നെ ഗെഹ്‌ലോട്ട് സർക്കാർ ചികിത്സാ-പ്രതിരോധ പ്രവർത്തനങ്ങള്‍ക്കായി കൂടുതല്‍ ശ്രദ്ധ ചെലുത്തിയിരുന്നു. ചികിത്സാ സൌകര്യങ്ങള്‍ താരതമ്യേന കുറവായ ഗ്രാമങ്ങളിൽ രോഗ ബാധിതരെ തുടക്കത്തിലെ കണ്ടെത്തി ചികിത്സ ലഭ്യമാക്കുന്നതിനായി  ഏർപ്പെടുത്തിയ മൊബൈൽ മെഡിക്കൽ വാനുകൾ ഇതിന് ഉദാഹരണമാണ്. ഇത്തരത്തിലുള്ള സംവിധാനങ്ങളിലൂടെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന്മടങ്ങിയെത്തിയ തൊഴിലാളികളെ കൃത്യമായി നിരീക്ഷിക്കാനും ചികിത്സ നല്‍കാനും സാധിച്ചു.   മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങിൽ നിന്നായി 11 ലക്ഷത്തോളം തൊഴിലാളികളാണ് രാജസ്ഥാനിലേക്ക് മടങ്ങിയെത്തിയത്.

ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവർക്ക് കർശന നിയന്ത്രണങ്ങളാണ് രാജസ്ഥാനിലെ ഗ്രാമങ്ങളില്‍ ഏർപ്പെടുത്തിയിരിക്കുന്നത്. രാജസ്ഥാനിലെ ഗ്രാമങ്ങളില്‍ നിന്നുള്ള നിരവധി പേർ മുംബൈ ഉള്‍പ്പെടെയുള്ള പട്ടണങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. ഇവിടെ നിന്ന് മടങ്ങിയെത്തുന്നവർക്കായി ഗ്രാമങ്ങൾക്ക് പുറത്ത് പ്രത്യേക കുടിലുകൾ ഒരുക്കിയുള്ള ക്വാറന്‍റൈന്‍ സംവിധാനമാണ് തയാറാക്കിയിരിക്കുന്നത്. ഗ്രാമങ്ങളിലേക്കു പുറത്തുനിന്നുള്ളവർ പ്രവേശിക്കുന്നതിന് കർശന വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. ഗ്രാമീണർക്കിടയിൽ കൊവിഡ്  ബോധവത്ക്കരണം നടത്താനായി സർക്കാർ ഗ്രാമസേവാ സമിതികള്‍ രൂപീകരിച്ചു. പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ ഗ്രാമീണർക്കിടയില്‍ കൃത്യമായ ബോധവത്ക്കരണ പരിപാടികളും നടക്കുന്നു.

സംസ്ഥാനത്ത് 9,720 രോഗബാധിതരില്‍ 6,819 പേരും നിലവില്‍ രോഗമുക്തരായിക്കഴിഞ്ഞു. കാര്യക്ഷമമായ പ്രവർത്തനത്തിലൂടെ പുതിയതായി രോഗം ബാധിക്കുന്നവരുടെ എണ്ണം കുറച്ചുനിർത്തുന്നതിന് സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. കൊവിഡ് പരിശോധനകളും കാര്യക്ഷമമായി നടത്താന്‍ സർക്കാരിന് കഴിയുന്നുണ്ട്. സംസ്ഥാനത്ത് രോഗം ഭേദമാകുന്നവരുടെ നിരക്ക് 67.59% ആണ്. മരണ നിരക്ക് 2.16% ആണ്. ഇത് ദേശീയ ശരാശരിയേക്കാൾ ഏറെ മുന്നിലാണ്. ഗ്രാമീണ തലങ്ങളിൽ ഏര്‍പ്പെടുത്തിയ നിരീക്ഷണത്തിലൂടെ രോഗ വ്യാപനം ഗണ്യമായ തോതിൽ തടയാൻ കഴിഞ്ഞിട്ടുണ്ടെന്ന് രാജസ്ഥാന്‍ ആരോഗ്യമന്ത്രി രഘു ശർമ പറഞ്ഞു. ഒരുസമയത്ത് കൊവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ചിരുന്ന രാജസ്ഥാനിലെ ഭിൽവാര ജില്ല  കൊവിഡ് പ്രതിരോധത്തില്‍ മാതൃകയായി മാറിയതും രാജ്യം കണ്ടു. കൃത്യമായ പ്രവര്‍ത്തനങ്ങളിലൂടെ കൊവിഡ് നിയന്ത്രണത്തിലും പ്രതിരോധത്തിലും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി മാറുകയാണ് രാജസ്ഥാന്‍.