രാഹുല്‍ വാക്ക് പാലിച്ചു; നഴ്സ് രാജമ്മയെ കണ്ടു..

Jaihind Webdesk
Sunday, June 9, 2019

നഴ്സ് രാജമ്മയ്ക്ക് നല്‍കിയ  വാക്ക്  കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി  പാലിച്ചു. തന്നെ ആദ്യമായി കൈകളിലേക്കെടുത്ത വയനാട്ടുകാരി രാജമ്മയെ അടുത്ത വരവില്‍ നേരില്‍ കാണും എന്ന വാക്കാണ് അദ്ദേഹം പാലിച്ചത്. മുൻ സൈനിക ഉദ്യോഗസ്ഥനായ ഭർത്താവിനും കൊച്ചുമക്കള്‍ക്കും ഒപ്പമാണ് രാജമ്മ രാഹുല്‍ ഗാന്ധിയെ കാണാന്‍ കല്‍പറ്റ പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ എത്തിയത്. കോൺഗ്രസ് പ്രവർത്തകരായ അസൈനാറിന്‍റെയും റഷീദിന്‍റെയും ഇടപെടൽ മൂലമാണ് വർഷങ്ങൾക്ക് ശേഷം രാഹുലുമായുള്ള കൂടിക്കാഴ്ചക്ക് അവസരം ഒരുങ്ങിയത്.

കയ്യില്‍ ഒരു പൊതിയുമായാണ് “അമ്മ” മകനെ കാണാനെത്തിയത്. അത് സ്നേഹത്തോടെ കൈമാറി നെറുകയില്‍ കൈവച്ച് അനുഗ്രഹിച്ചാണ് രാജമ്മ മടങ്ങിയത്. തനിക്ക് ഒരുപാട് സംസാരിക്കാനുണ്ടെന്നും എന്നാല്‍ തിരക്ക് അറിയാമെന്നതിനാല്‍ പിന്നൊരിക്കലാകാമെന്നും രാജമ്മ രാഹുലിനോട് പറഞ്ഞു.

താനുണ്ടാക്കിയ ചക്ക ചിപ്സും കുറച്ച് സ്വീറ്റ്സുമാണ് നല്‍കിയതെന്നും ഒരമ്മ മകനെ കാണുമ്പോള്‍ മധുരമല്ലേ നല്‍കേണ്ടതെന്നും രാജമ്മ ചോദിച്ചു. വീട്ടിലേയ്ക്ക് ക്ഷണിച്ചുവെന്നും ഇന്ന് മടങ്ങേണ്ടതിനാല്‍ ഇന്നില്ലെന്നും മറ്റൊരവസരത്തില്‍ തീര്‍ച്ചയായും എത്തുമെന്ന് പറഞ്ഞതായും രാജമ്മ പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷനും വയനാട് എംപിയുമായ രാഹുൽ ഗാന്ധി ജനിച്ചുവീണത് തന്‍റെ കൈകളിലേക്കാണെന്നത് അഭിമാനത്തോടെ വയനാട്ടുകാരി രാജമ്മ വാവാട്ടിൽ വെളിപ്പെടുത്തിയപ്പോള്‍ മുതല്‍ വയനാട് കാത്തിരിക്കുകയായിരുന്നു ഈ കൂടിക്കാഴ്ചയ്ക്കായി. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചതോടെയാണ് 49 വർഷം പഴക്കമുള്ള ഓർമകൾ രാജമ്മ പുറത്തുപറയാൻ തയാറായത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ വയനാട്ടിലെത്തിയപ്പോൾ കാണാനായില്ലെങ്കിലും സ്ഥലത്തില്ലാതിരുന്നതിനാല്‍ കാണാനായില്ല.

ഡൽഹി ഹോളി ഫാമിലി ആശുപത്രിയിൽ നഴ്സായിരുന്നു അന്ന് 23 കാരിയായിരുന്ന രാജമ്മ വാവാട്ടിൽ. 1970 ജൂൺ 19 ന് ആശുപത്രിയില്‍ ഒരു വിഐപി പേഷ്യന്‍റ് ഉണ്ടായിരുന്നു. അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയുടെ മരുമകൾ സോണിയാ ഗാന്ധി. അന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ജനനം. സ്വന്തം മാതാവും പിതാവും ആ കുഞ്ഞിനെ കാണും മുമ്പേ ചേർത്തുപിടിച്ച വ്യക്തി.

49 വർഷങ്ങൾ‌ക്കിപ്പുറവും രാഹുൽ ഗാന്ധിയുടെ ജനനത്തെ ഓർമിച്ചുവെക്കുന്നുണ്ട് രാജമ്മ വാവാട്ടിൽ. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മരുമകൾ ആയിരുന്നിട്ട് പോലും ആ വി.ഐ.പി കുടുംബം ആശുപത്രി നിയമങ്ങൾ കാര്യക്ഷമമായി പാലിച്ചിരുന്നതായി രാജമ്മ ഓർമ്മിക്കുന്നു. ചെറുമകൻ ജനിച്ച് രണ്ടാം ദിവസം ഇന്ദിരാ ഗാന്ധി അവനെ കാണാനെത്തി. താൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല രാഹുൽ ഗാന്ധി വയനാട്ടില്‍ സ്ഥാനാർത്ഥിയാവുമെന്ന്. 49 വർഷങ്ങൾക്കിപ്പുറം അത് സംഭവിച്ചിരിക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ വയനാട്ടിലെത്തിയപ്പോൾ കാണാനായില്ലെന്ന വിഷമത്തിലാണ് അവർ. എന്നാൽ അദ്ദേഹം വൻ വിജയം നേടി വീണ്ടും വയനാട്ടിൽ എത്തുമ്പോൾ കാണാൻ കഴിയുമെന്നു തന്നെയാണ് പ്രതീക്ഷ. അമ്മയും മുത്തശ്ശിയും പറയാത്ത ഒരുപാട് കഥകൾ അദ്ദേഹത്തോട് പറയാൻ ഉണ്ടെന്നും രാജമ്മ വാവാട്ടിൽ പറയുന്നു.

മുൻ സൈനിക ഉദ്യോഗസ്ഥനായ ഭർത്താവിനൊപ്പം വയനാട് നൂൽപ്പുഴ പഞ്ചായത്തിലെ കല്ലൂരില്‍ റിട്ടയർമെന്‍റ് ജീവിതം ആസ്വദിക്കുകയാണ് ഇപ്പോൾ 72 കാരിയായ രാജമ്മ.

അതിനിടെ രാജമ്മയെക്കുറിച്ചറിഞ്ഞ പ്രിയങ്കാ ഗാന്ധി, തനിക്കും സഹോദരൻ രാഹുൽ ഗാന്ധിക്കും രാജമ്മയെ നേരിൽ കാണാനും സംസാരിക്കാനും ആഗ്രഹമുണ്ടെന്ന കാര്യം അന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.