മഴക്കെടുതി: സഹായം എത്തിക്കാൻ യുഡിഎഫ് പ്രവർത്തകരോട് ആഹ്വാനം ചെയ്ത് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Tuesday, October 12, 2021

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുകയും മനുഷ്യ ജീവന്‍ അപകടത്തിലാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ സഹായത്തിന് മുന്നിട്ടിറങ്ങണമെന്ന് യുഡിഎഫ് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഓരോ ജീവനും ഓരോ നുള്ള് മണ്ണും പുഴയും മരവും വയലും കൃഷിയിടങ്ങളും അതീവ ജാഗ്രതയോടെ ശാസ്ത്രീയമാര്‍ഗങ്ങളിലൂടെ സംരക്ഷിക്കപ്പെടണം. വ്യക്തികളും സ്ഥാപനങ്ങളും സര്‍ക്കാരും കൈകോര്‍ത്ത് പ്രവര്‍ത്തിച്ചാലേ ഇതിനെ അതിജീവിക്കാനാകൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മഴക്കെടുതിയില്‍ വലയുന്നവരെ സഹായിക്കാന്‍ എല്ലാവരും മുന്നോട്ടുവരണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കൊവിഡ് പ്രൊട്ടോക്കോള്‍ പാലിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

 

പ്രതിപക്ഷ നേതാവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

കേരളത്തില്‍ വീണ്ടും മഴ കനത്തിരിക്കുകയാണ്. മൂന്നു വിലപ്പെട്ട ജീവനുകള്‍ നഷ്ടപ്പെട്ടു കഴിഞ്ഞു. പലയിടത്തും വെള്ളം കയറി കൃഷിയും വീടുകളും നശിച്ചു. പുഴകള്‍ കരകവിഞ്ഞൊഴുകുന്നു. ജല സംഭരണികള്‍ തുറന്നു. രണ്ടു ദിവസം മഴ ശക്തമായി പെയ്താല്‍ നമ്മുടെ സംസ്ഥാനം എത്രമാത്രം പ്രശ്‌നങ്ങള്‍ക്ക് നടുവിലാകുമെന്നാണ് തെളിഞ്ഞു കൊണ്ടിരിക്കുന്നത്. ഒരു വശത്ത് കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായി ആവര്‍ത്തിക്കുന്ന ന്യൂനമര്‍ദങ്ങള്‍, ചക്രവാത ചുഴികള്‍, കനത്ത മഴ. മുവശത്ത് പ്രകൃതിയെ മറന്ന് നമ്മള്‍ തന്നെ സൃഷ്ടിച്ച കെണികള്‍. ഇതിനിടയില്‍ കേരളം അക്ഷരാര്‍ഥത്തില്‍ വലയുകയാണ്. മനുഷ്യ ജീവനും കൃഷിയും സ്വത്തും അടിക്കടി നഷ്ടപ്പെടുന്ന അവസ്ഥ. ഏറെ പാരിസ്ഥിതിക ലോലമായ കേരളമെന്ന കൊച്ചു പച്ചത്തുരുത്തിനെ നാം ഓരോരുത്തരും കഴിവിന്റെ പരമാവധി ശ്രമിച്ച് സംരക്ഷിച്ച് നിര്‍ത്തിയേ മതിയാകൂ. ഓരോ ജീവനും ഓരോ നുള്ള് മണ്ണും പുഴയും മരവും വയലും കൃഷിയിടങ്ങളും അതീവ ജാഗ്രതയോടെ ശാസ്ത്രീയമാര്‍ഗങ്ങളിലൂടെ സംരക്ഷിക്കപ്പെടണം. വ്യക്തികളും സ്ഥാപനങ്ങളും സര്‍ക്കാരും കൈകോര്‍ത്ത് പ്രവര്‍ത്തിച്ചാലെ നമുക്ക് പിടിച്ചു നില്‍ക്കാനാകൂ. കടലോര ജനതയെയും അവരുടെ ആവാസ വ്യവസ്ഥയെയും കാടരിക് പ്രദേശങ്ങളിലെ കര്‍ഷകരെയും ഗോത്ര ജനതയെയും പ്രത്യേകമായി പരിരക്ഷിക്കേണ്ടതുണ്ടെന്ന് ഓര്‍മിപ്പിക്കുന്നതാണ് ഓരോ മഴ ദിനവും. കാലാവസ്ഥാമാറ്റം കൊണ്ടുവരുന്ന കെടുതികളെ അതിജീവിക്കണമെങ്കില്‍ വലിയ മാറ്റങ്ങളും അതിനായുള്ള അധ്വാനവും വേണം. ഇവയ്ക്കായി ശ്രമം തുടങ്ങുമ്പോഴും നമുക്ക് ഈ മഴ ദിനങ്ങളില്‍ കൂടുതല്‍ നാശനഷ്ടം ഉണ്ടാകാതെ നോക്കാം. എല്ലാ കോണ്‍ഗ്രസ്,യു.ഡി.എഫ് പ്രവര്‍ത്തകരും യുവജന വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകരും മഴക്കെടുതിയില്‍ വലയുന്നവരെ സഹായിക്കാന്‍ മുന്നോട്ട് വരണമെന്ന് അഭ്യര്‍ഥിക്കുന്നു. കോവിഡ് പ്രോട്ടോകോള്‍ പാലിക്കാനും മറക്കരുത്.

 

https://www.facebook.com/VDSatheeshanParavur/photos/a.628374120554890/4583933531665576