മഴ തീവ്രമാകുമെന്ന് മുന്നറിയിപ്പ്; കരുതൽ നടപടികൾ ശക്തമാക്കി

Jaihind News Bureau
Saturday, October 6, 2018

മഴ തീവ്രമാകുമെന്ന് കാലാവസ്ഥ മുന്നറിയിപ്പിനെ തുടർന്ന് കരുതൽ നടപടികൾ ശക്തമാക്കി.അണക്കെട്ടുകളിൽ നീരൊഴുക്ക് വർദ്ധിച്ചതിനെ തുടർന്ന് അണക്കെട്ടുകളിലെ ഷട്ടർ ഉയർത്തി വെളളമൊഴുക്കി തുടങ്ങി. ചുഴലിക്കാറ്റിന് സാധ്യത ഉള്ളതിനാൽ തീരദേശ മേഖലയിലും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം ശക്തിപ്രാപിക്കുന്നതോടെ കേരളത്തിൽ പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. തീരപ്രദേശത്ത് ശക്തമായ കാറ്റടിക്കാനും അതുവഴി അപകടങ്ങൾ സംഭവിക്കാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉരുൾപൊട്ടൽ സാധ്യത ഉള്ളതിനാൽ രാത്രി സമയത്ത് മലയോര മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കുക. സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്.

പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാൻ സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം . നദിയിൽ കുളിക്കുന്നതും, തുണി നനയ്ക്കുന്നതും, കളിക്കുന്നതും ഒഴിവാക്കുക.

നദിക്കരയോട് ചേർന്ന് താമസിക്കുന്നവരും മുൻകാലങ്ങളിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ ഉള്ളവരും പ്രാഥമികമായി എമർജൻസി കിറ്റ് ഉണ്ടാക്കി വെക്കുക തുടങ്ങിയവ ഈ സാഹചര്യത്തിൽ സ്വീകരിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

പ്രധാനപ്പെട്ട രേഖകൾ സർട്ടിഫിക്കറ്റുകൾ, ആഭരണങ്ങൾ പോലെ വിലപിടിപ്പുള്ള സാധനങ്ങൾ തുടങ്ങിയവ പ്ലാസ്റ്റിക് ബാഗുകളിൽ എളുപ്പം എടുക്കാൻ പറ്റുന്ന ഉയർന്ന സ്ഥലത്തു വീട്ടിൽ സൂക്ഷിക്കുക. ആവശ്യമെങ്കിൽ തൊട്ടടുത്തുള്ള ക്യാമ്പുകളിലേക്ക് മാറി താമസിക്കുക. മുമ്പ് പ്രളയവും, ഉരുൾപൊട്ടലും ബാധിച്ച സ്ഥലങ്ങളിൽ ക്യാമ്പുകൾ സജ്ജമാക്കാൻ ആവശ്യമായ നിർദേശം നൽകിയിട്ടുണ്ട്. ഓരോ വില്ലേജിലെയും ആളുകൾക്ക് സുരക്ഷിതമായ സ്ഥാനങ്ങൾ അതാതു പ്രാദേശിക ഭരണകൂടങ്ങൾ അറിയിക്കാൻ വേണ്ട നിർദ്ദേശം നൽകിയിട്ടുണ്ട്.