സംസ്ഥാനത്ത് വീണ്ടും തീവ്ര മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ റെഡ് അലർട്ട്, 9 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

 

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. പത്തനംതിട്ട മുതല്‍ കോഴിക്കോട് വരെയുള്ള 9 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.

ശനിയാഴ്ച 10 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. വെള്ളിയാഴ്ച വരെ കേരള തീരത്ത് മത്സ്യ ബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ പുതിയ ചക്രവാത ചുഴി ഇന്ന് രൂപപ്പെട്ടേക്കും. ഇതിന് പുറമേ കോമറിന്‍ മേഖലയില്‍ ചക്രവാത ചുഴി നിലനില്‍ക്കുന്നുണ്ട്. ഇതിന്‍റെ പ്രഭാവത്തിലാണ് മഴ ശക്തമാകുന്നത്.

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയില്‍ വ്യാപക നാശനഷ്ടമാണുണ്ടായത്. മലയോര മേഖലകളില്‍ കനത്ത നാശം വിതച്ച മഴയില്‍ വാഹനങ്ങള്‍ ഒഴുക്കില്‍പെട്ടും അപകടങ്ങളുണ്ടായി. ശക്തമായ കാറ്റിലും മഴയിലും തിരുവനന്തപുരം മുതലപ്പൊഴിയില്‍ ബോട്ട് മറിഞ്ഞ് രണ്ട് പേർ മരിക്കുകയും ചെയ്തു. കാണാതായ മൂന്നുപേര്‍ക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും. അതേസമയം രക്ഷാപ്രവർത്തനം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

Comments (0)
Add Comment