സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളില്‍ മഴയ്ക്ക് സാധ്യത; മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ചൂട് അനുഭവപ്പെടുന്നു

Jaihind Webdesk
Saturday, March 23, 2024

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളില്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. എറണാംകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. അതേസമയം മഴ പെയ്തെങ്കിലും സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ചൂടാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്.

സംസ്ഥാനത്ത് ഇന്ന് എറണാംകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ നാല് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സംസ്ഥാനത്ത് കൊടുംചൂട് തുടരുന്നതിനിടെ പലയിടത്തും ഇന്നലെ മഴ ലഭിച്ചിരുന്നു. വടക്കന്‍ കേരളത്തില്‍ ആരംഭിച്ച മഴ മധ്യ-തെക്കന്‍ കേരളത്തിലേക്ക് വ്യാപിക്കുകയാണ്. ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മൂന്ന് ദിവസം വിവിധ ജില്ലകളില്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് കഴിഞ്ഞ ദിവസമാണ് അറിയിച്ചത്.

ഇന്നലെ ഇടുക്കി, പാലക്കാട്, കാസര്‍കോട് ഒഴികെയുള്ള പത്ത് ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചിച്ചിരുന്നു. എന്നാല്‍ സാധ്യതയുള്ള ജില്ലകളില്‍ ചിലയിടത്ത് മാത്രമേ ഇന്നലെ മഴ ലഭിച്ചിരുന്നുളളു. അതേസമയം മഴ പെയ്തെങ്കിലും സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ചൂടാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. ഇത്തവണ വേനല്‍ ചൂട് ഫെബ്രുവരിയില്‍ തന്നെ ആരംഭിച്ചിരുന്നു. മിക്ക ജില്ലകളിലും 30 ഡിഗ്രിക്ക് മുകളിലാണ് ശരാശരി താപനില. ഉയര്‍ന്ന താപനില വര്‍ധനവാണ് പലയിടത്തും രേഖപ്പെടുത്തുന്നത്. അതേസമയം 1.4 മില്ലിമീറ്റര്‍ മഴ മാത്രമാണ് സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത്. ഇത് സാധാരണയേക്കാള്‍ 18.8 മില്ലിമീറ്റര്‍ താഴെയാണ്.