ബാലരാമപുരത്തെ നെയ്ത്ത് തൊഴിലാളികളുടെ പ്രശ്നങ്ങള്‍ കേട്ട് രാഹുല്‍; സാധ്യമായതെല്ലാം ചെയ്യുമെന്ന് ഉറപ്പ്

Jaihind Webdesk
Sunday, September 11, 2022

 

തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ബാലരാമപുരത്തെ നെയ്ത്ത് തൊഴിലാളികളെ സന്ദർശിച്ച് രാഹുൽ ഗാന്ധി. നെയ്ത്ത് ജോലി ചെയ്യുന്നവർക്ക് വരുമാനം കുറവാണെന്നും കഷ്ടതയിലാണ് ജീവിതം മുന്നോട്ടു പോകുന്നതെന്നും തൊഴിലാളികൾ രാഹുൽ ഗാന്ധിയോട് പറഞ്ഞു. കൈത്തറി വസ്ത്ര നിർമ്മാണ സംസ്കാരം നിലനിർത്തുന്ന തൊഴിലാളികളെ അഭിനന്ദിച്ച രാഹുൽ സാധ്യമായതെല്ലാം ചെയ്യാമെന്നും ഉറപ്പ് നൽകി.

കൈത്തറി വസ്ത്രം നിർമ്മാണത്തിന് പ്രസിദ്ധമായ സ്ഥലമാണ് ബാലരാമപുരം. കൈത്തറി തൊഴിലാളികളുടെ പ്രശ്നങ്ങൾ കേള്‍ക്കാന്‍ എത്തിയതായിരുന്നു രാഹുൽ ഗാന്ധി. പ്രതിഫലം കുറവാണെന്നും കഷ്ടതയിലാണ് ജീവിക്കുന്നതെന്നും തൊഴിലാളികൾ പറഞ്ഞു. കൈത്തറി വസ്ത്ര നിർമ്മാണത്തിന് വേണ്ട അസംസ്കൃത വസ്തുക്കളുടെ വില വർധിക്കുകയാണ്. ഇത് ചെറുകിട സംരംഭകർക്ക് തിരിച്ചടിയാകുന്നു. വരുമാനക്കുറവ് ഉള്ളതിനാൽ പുതുതലമുറയിലെ ആരും കൈത്തറി നിർമ്മാണ ജോലിയിലേക്ക് എത്തുന്നില്ല. കൈത്തറി നിർമ്മാണ മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നും തൊഴിലാളികൾ പറഞ്ഞു.

തൊഴിലാളികളെ നൂൽ നൂൽക്കുന്ന കുറച്ച് പേരായല്ല ചരിത്രപരമായ പരമ്പരാഗത വ്യവസായത്തെ സംരക്ഷിക്കുന്നവരായാണ് കാണുന്നതെന്ന് രാഹുൽ പറഞ്ഞു. കൈത്തറി വസ്ത്ര നിർമ്മാണം ഒരു പ്രത്യേക തരം സംസ്കാരമാണ്. ഈ പാരമ്പര്യം ഇന്നും നിലനിർത്തുന്ന തൊഴിലാളികളെ രാഹുൽ അഭിനന്ദിച്ചു. വസ്ത്ര നിർമ്മാണത്തിൽ പുതുമകൾ കൊണ്ടുവരണമെന്ന് രാഹുൽ തൊഴിലാളികളോട് പറഞ്ഞു. തൊഴിലാളികളുടെ പ്രശ്നങ്ങളിൽ സാധ്യമായതെല്ലാം ചെയ്യുമെന്നും രാഹുൽ ഗാന്ധി തൊഴിലാളികൾക്ക് ഉറപ്പ് നൽകി. തൊഴിലാളികൾക്ക് മതിയായ പിന്തുണ എവിടെ നിന്നും ലഭിക്കുന്നില്ലെന്ന വസ്തുത തുറന്നുപറഞ്ഞ രാഹുൽ അവരുടെ മുന്നോട്ടുള്ള പ്രയാണത്തിൽ എല്ലാവിധ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്യുകയും തൊഴിലാളികൾക്ക് അഭിവാദ്യങ്ങൾ അർപ്പിക്കുകയും ചെയ്താണ് കൂടിക്കാഴ്ച അവസാനിപ്പിച്ചത്.

രാഹുൽ ഗാന്ധിക്കൊപ്പം കോൺഗ്രസ് ദേശീയ നേതാക്കളായ കെ.സി വേണുഗോപാൽ, ജയ്റാം രമേശ്, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ശശി തരൂർ എംപി, എംഎൽഎമാരായ എം വിൻസന്‍റ്, പി.സി വിഷ്ണുനാഥ്, റോജി എം ജോൺ എന്നിവരും ഉണ്ടായിരുന്നു. തൊഴിലാളികൾ കൈത്തറിയിൽ നിർമ്മിച്ച കോൺഗ്രസ് ചിഹ്നമായ കൈപ്പത്തിയുടെ രൂപം രാഹുൽ ഗാന്ധിക്ക് സമ്മാനിച്ചാണ് അവർ മടങ്ങിയത്.