‘എഎ റഹീം ഓന്തിനെ നാണിപ്പിക്കും വിധം നിറം മാറുന്നയാള്‍’ ; യുവജന തൊഴിൽ സമരത്തെ സർക്കാർ വഞ്ചിച്ചു : രാഹുല്‍ മാങ്കൂട്ടത്തില്‍

Jaihind Webdesk
Thursday, July 22, 2021


തിരുവനന്തപുരം: പിഎസ് സി റാങ്ക് ഹോൾഡേഴ്സ് സെക്രട്ടറിയേറ്റ് പടിക്കൽ സമരവുമായി വീണ്ടും രംഗത്തെത്തിയതിനു പിന്നാലെ ഡി.വെെ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹിമിനെതിരെ രൂക്ഷവിമർശനവുമായി യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. ഇന്ന് സെക്രട്ടറിയേറ്റ് പടിക്കൽ വീണ്ടുമൊരു തൊഴിൽ സമരത്തിന്‍റ് ബാനർ ഉയർന്നിട്ടുണ്ട്. പി.എസ്.സി റാങ്ക് ഹോൾഡേഴ്സിന്റെ സമരമാരംഭിച്ചപ്പോൾ അതിന്റെ പിന്നിൽ ഒരു വഞ്ചനയുടെ കഥയുണ്ട്. തുടർ ഭരണം വന്നപ്പോൾ അഭിവാദ്യമർപ്പിച്ച് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ ഭാരവാഹികൾ കൈയ്യുയർത്തിയത് റഹീമിന്‍റെ ഉറപ്പിൽ തങ്ങൾക്ക് സർക്കാർ സർവ്വീസെന്ന മധുര സ്വപ്നം പൂവണിയുമെന്ന പ്രതീക്ഷയിലായിരുന്നു. ഇന്ന് അവർ വീണ്ടും സമരത്തിന് പന്തൽ കെട്ടുമ്പോൾ, യുവജന തൊഴിൽ സമരത്തെ ഒറ്റുകൊടുത്ത യൂദാസായി റഹീമും, യൂദാസിനെ വിശ്വസിച്ച് സമരം നിർത്തിയവരായി സമരസമിതിയും മാറുന്നു എന്നും രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.

 ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം :

 

ദോശ മറിച്ചിടും പോലെ തന്റെയും, താൻ പ്രതിനിധാനം ചെയ്യുന്ന സംഘടനയുടെയും നിലപാട് മാറ്റിയ റഹീമേ…

ഇന്ന് സെക്രട്ടറിയേറ്റ് പടിക്കൽ വീണ്ടുമൊരു തൊഴിൽ സമരത്തിൻ്റെ ബാനർ ഉയർന്നിട്ടുണ്ട്. പി എസ് സി റാങ്ക് ഹോൾഡേഴ്സിന്റെ സമരമാരംഭിച്ചപ്പോൾ അതിന്റെ പിന്നിൽ ഒരു വഞ്ചനയുടെ കഥയുണ്ട്. യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ഷാഫി പറമ്പിലും, ശബരിനാഥും റാങ്ക് ഹോൾഡേഴ്സിന് വേണ്ടി നിരാഹാര സമരം ചെയ്തപ്പോൾ, പ്രതിപക്ഷം നിയമസഭയിൽ കത്തിയാളിയപ്പോൾ, രാഹുൽ ഗാന്ധി സമരപ്പന്തൽ സന്ദർശിച്ചപ്പോൾ റാങ്ക് ലിസ്റ്റിലുൾപ്പെട്ട യുവതയുടെ പ്രശ്നം നാടിന്റെ പ്രശ്നമായി മാറിയിരുന്നു, ജനരോഷമുയർന്നപ്പോൾ, യുവതയുടെ തിളക്കുന്ന രോഷത്തിന് മുൻപിൽ സർക്കാർ വിയർക്കുമെന്നായപ്പോൾ പിണറായി വിജയന്റെ ദല്ലാളായി വെളുക്കെ ചിരിച്ച് ജോലിക്ക് വേണ്ടി കാത്തിരുന്ന യുവതയോട് കുതിരവട്ടം പപ്പു പറഞ്ഞത് പോലെ ഇപ്പം ശരിയാക്കാം എന്ന് താങ്കൾ പറഞ്ഞപ്പോൾ അവർ വിശ്വസിച്ചു.

ഭരണകക്ഷിയുടെ യുവനേതാവിനെ അവിശ്വസിക്കേണ്ടതില്ലല്ലോയെന്ന് അവർ കരുതിയിരിക്കാം, അവർക്കറിയില്ലല്ലോ ഓന്തിനെ പോലും നാണിപ്പിക്കും വിധം നിറം മാറ്റുന്ന വ്യക്തിയാണ് റഹീമെന്ന്. തുടർ ഭരണം വന്നപ്പോൾ അഭിവാദ്യമർപ്പിച്ച് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ ഭാരവാഹികൾ കൈയ്യുയർത്തിയത് റഹീമിന്റെ ഉറപ്പിൽ തങ്ങൾക്ക് സർക്കാർ സർവ്വീസെന്ന മധുര സ്വപ്നം പൂവണിയുമെന്ന പ്രതീക്ഷയിലായിരുന്നു. ഇന്ന് അവർ വീണ്ടും സമരത്തിന് പന്തൽ കെട്ടുമ്പോൾ, യുവജന തൊഴിൽ സമരത്തെ ഒറ്റുകൊടുത്ത യൂദാസായി റഹീമും, യൂദാസിനെ വിശ്വസിച്ച് സമരം നിർത്തിയവരായി സമരസമിതിയും മാറുന്നു…