രാഹുല്‍ ഗാന്ധിയുടെ ‘വോട്ട് ചോരി’ കാമ്പയിന്‍: കേരളത്തില്‍ നിന്ന് 14 ലക്ഷം ഒപ്പുകള്‍ ദീപ ദാസ് മുന്‍ഷിക്ക് കൈമാറി

Jaihind News Bureau
Saturday, November 8, 2025

തിരുവനന്തപുരം: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആരംഭിച്ച ‘വോട്ട് ചോരി’ (വോട്ട് മോഷണം) കാമ്പയിന്റെ ഭാഗമായി കേരളത്തില്‍ നിന്ന് ശേഖരിച്ച 14 ലക്ഷത്തോളം ഒപ്പുകള്‍ എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി ഏറ്റുവാങ്ങി. വോട്ടര്‍ പട്ടികയിലെ കൃത്രിമങ്ങള്‍ക്കെതിരെയും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കുന്നതിന് വേണ്ടിയുമാണ് ഈ കാമ്പയിന്‍ സംഘടിപ്പിച്ചത്.

സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ വെച്ചാണ് ഒപ്പുകള്‍ ദീപ ദാസ് മുന്‍ഷിക്ക് കൈമാറിയത്. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് വ പിസി വിഷ്ണുനാഥ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തില്‍, ഈ ഒപ്പുകള്‍ ജനങ്ങളുടെ ആശങ്കയുടെ പ്രതിഫലനമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെട്ടു.

ബിജെപി ഇലക്ഷന്‍ കമ്മീഷനുമായി ചേര്‍ന്ന് തിരഞ്ഞെടുപ്പ് അനുകൂലമാക്കുന്നതിന് ആസൂത്രിതമായ നിഗൂഢ നീക്കങ്ങള്‍ നടത്തിയെന്ന് ദീപാ ദാസ് മുന്‍ഷി കുറ്റപ്പെടുത്തി.പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും അസംബ്ലി തിരഞ്ഞെടുപ്പിലും ഇത്തരത്തിലുള്ള കള്ളക്കളികള്‍ നടത്തിയതായി ദീപ ദാസ് മുന്‍ഷി ചൂണ്ടിക്കാട്ടി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിന്റെ വോട്ടേഴ്‌സ ലിസ്റ്റിലടക്കം സംസ്ഥാന ഇലക്ഷന്‍ കമ്മീഷനെതിരെയും വലിയ പരാതികള്‍ ഉയരുകയാണെന്നവര്‍ പറഞ്ഞു.എസ്‌ഐആര്‍ നടപ്പിലാക്കുന്നതില്‍ വലിയ അപാകതകള്‍ ഉണ്ടാകുന്നതായി കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് പിസി വിഷ്ണുനാഥ് എംഎല്‍എ കുറ്റപ്പെടുത്തി.

എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും സമാഹരിക്കുന്ന പ്രതിഷേധ ഒപ്പുകള്‍ നവംബര്‍ അവസാനത്തോടെ ഡല്‍ഹിയില്‍ വെച്ച് നടക്കുന്ന ഒരു മഹാറാലിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നേരിട്ട് സമര്‍പ്പിക്കാനാണ് കോണ്‍ഗ്രസ് പാര്‍ട്ടി പദ്ധതിയിടുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷനില്‍ സമ്മര്‍ദ്ദം ചെലുത്തി വോട്ടര്‍ പട്ടിക ശുദ്ധീകരിക്കുകയും സുതാര്യമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് ഭീഷണിയാണെന്ന് രാഹുല്‍ ഗാന്ധി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.