സ്വന്തം നാട്ടില്‍ സുരക്ഷിതരല്ലാത്ത സാഹചര്യം, ആഭ്യന്തരമന്ത്രാലയം എന്തുചെയ്യുകയാണ്? ; നാഗാലാൻഡ് വെടിവെപ്പിൽ രാഹുൽ ഗാന്ധി

 

നാഗാലാൻഡിലെ മോൺ ജില്ലയിൽ സുരക്ഷാ സേനയുടെ വെടിവെപ്പിൽ ഗ്രാമീണരുടെ ജീവൻ നഷ്ടമായ സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുല്‍ ഗാന്ധി. സ്വന്തം നാട്ടില്‍ പൗരന്മാർ സുരക്ഷിതരല്ലാത്ത സാഹചര്യമാണുള്ളത്. ആഭ്യന്തരമന്ത്രാലയം എന്താണ് ചെയ്യുന്നതെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു.

‘എന്‍റെ ഹൃദയം നുറുങ്ങുകയാണ്. കേന്ദ്ര സർക്കാർ ഉത്തരം പറഞ്ഞേ മതിയാകൂ. സ്വന്തം നാട്ടിൽ സുരക്ഷാ ജീവനക്കാരോ പൗരന്മാരോ സുരക്ഷിതരല്ലാത്ത സാഹചര്യത്തിൽ ആഭ്യന്തരമന്ത്രാലയം എന്താണു ചെയ്യുന്നത്?’ –  രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

നാഗാലാന്‍ഡില്‍ സുരക്ഷാസേന നടത്തിയ വെടിവെപ്പില്‍ 12 ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. ഒരു സൈനികനും കൊല്ലപ്പെട്ടു. സംഭവത്തിൽ നാഗാലാൻഡ് സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മ്യാൻമറുമായി അതിർത്തി പങ്കിടുന്ന നാഗാലാൻഡിലെ മോൺ ജില്ലയിലെ ഒട്ടിംഗ് ഗ്രാമത്തിലാണ് സംഭവമുണ്ടായത്. ഖനി തൊഴിലാളികളായ ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ തൊഴിലാളികളുടെ സംഘം ട്രക്കിൽ ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടെയാണ് സുരക്ഷസേന  വെടിയുതിർത്തത്. കലാപകാരികളെന്ന് തെറ്റിദ്ധരിച്ചാവാം വെടിയുതിർത്തതെന്നാണ് നാഗാലാൻഡ് പൊലീസിന്‍റെ വിശദീകരണം. സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ സേന, ഗ്രാമീണർ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു.

 

Comments (0)
Add Comment