ഫേസ്ബുക്കില്‍ മോദിയെ മറികടന്ന് രാഹുല്‍ ഗാന്ധിയുടെ മുന്നേറ്റം ; എന്‍ഗേജ്മെന്‍റിലും ഫോളോവേഴ്സിലും വർധന

Jaihind News Bureau
Monday, October 5, 2020

 

ന്യൂഡല്‍ഹി: ഫേസ്ബുക്ക് എന്‍ഗേജ്‌മെന്‍റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മറികടന്ന് രാഹുല്‍ ഗാന്ധി. സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ 2 വരെയുള്ള കണക്കുകള്‍ പ്രകാരം രാഹുല്‍ ഗാന്ധിയുടെ പേജില്‍ മോദിയേക്കാള്‍ 40 ശതമാനം ഫേസ്ബുക്ക് എന്‍ഗേജ്‌മെന്‍റ്  വര്‍ധനയാണുണ്ടായത്. ഫേസ്ബുക്ക് അനലിറ്റിക്സ് ഡാറ്റയെ അടിസ്ഥാനമാക്കി കോൺഗ്രസിന്‍റെ സോഷ്യൽ മീഡിയ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്.

13.9 ദശലക്ഷം എന്‍ഗേജ്‌മെന്‍റാണ് ഈ ദിവസങ്ങളിൽ രാഹുല്‍ ഗാന്ധിയുടെ  പേജിൽ ഉണ്ടായത്. 45.9 ദശലക്ഷം ഫോളോവേഴ്സാണ് മോദിക്ക് ഫേസ്ബുക്കിലുള്ളത്. രാഹുൽ ഗാന്ധിയ്ക്ക് 3.5 മില്യൺ ഫോളോവേഴ്‌സും. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലെ മോദിയുടെ ഫേസ്ബുക്ക് എന്‍ഗേജ്‌മെന്‍റ് 8.2 മില്യണ്‍ മാത്രമാണ്.

രാഹുല്‍ ഗാന്ധിയുടെ ഫോളോവേഴ്സിന്‍റെ എണ്ണത്തിലും 3.5% വര്‍ധനവ് ഉണ്ടായി. ഈ കാലയളവില്‍ അദ്ദേഹം 52 പോസ്റ്റുകളാണ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്. കൊവിഡ് ലോക്ക്ഡൗണ്‍, തൊഴിലാളി പ്രശ്‌നങ്ങള്‍, വികാസ് ദുബെ ഏറ്റുമുട്ടല്‍ കൊല, ഹത്രാസ് പീഡനം തുടങ്ങിയ വിഷയങ്ങളിലെ പ്രതികരണങ്ങളാണ് രാഹുല്‍ ഗാന്ധിയുടെ  പേജില്‍ എന്‍ഗേജ്‌മെന്‍റ് കൂട്ടിയത്.

ഹത്രാസില്‍ കൂട്ടബലാത്സംഗത്തിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ കാണാൻ രാഹുൽ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും പുറപ്പെട്ടതും പൊലീസ് തടഞ്ഞതുമെല്ലാ ചർച്ചയായിരുന്നു. രാജ്യമെങ്ങും ഹത്രാസിലെ പെൺകുട്ടിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ബി.ജെ.പിക്കും  ഉത്തർപ്രദേശിലെ ഭരണകൂട ഭീകരതയ്ക്കുമെതിരെ തിരിഞ്ഞപ്പോൾ വിഷയത്തിൽ മികച്ച ഇടപെടലാണ് രാഹുൽ ഗാന്ധി നടത്തിയത്