വടക്കന്‍ ജില്ലകളെ മൂവർണ്ണക്കടലാക്കി രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം

Jaihind Webdesk
Thursday, April 1, 2021

വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളെ ഇളക്കി മറിച്ചു വമ്പൻ റോഡ്ഷോകളുമായി രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പര്യടനം. വയനാട് ലോക്സഭാ മണ്ഡലത്തിന്‍റെ ഭാഗമായ ഏഴ് നിയമസഭ മണ്ഡലങ്ങളിലായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രചരണ പരിപാടികൾ. കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ പൗരത്വ നിയമം നടപ്പിലാക്കില്ലെന്ന് രാഹുൽ ഗാന്ധി ഉറപ്പ് നൽകി.

മാനന്തവാടി നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി പികെ ജയലക്ഷ്മിക്ക്‌ വോട്ടഭ്യർത്ഥിച്ചാണ് രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്ക് തുടക്കമായത്. ശേഷം സുൽത്താൻ ബത്തേരിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ഐ.സി ബാലകൃഷ്ണന്‍റെ പ്രചരണാർത്ഥം രാഹുൽ ഗാന്ധി റോഡ്ഷോ നടത്തി. ഒരു കിലോമീറ്റർ നീണ്ട റോഡ് ഷോ സുൽത്താൻ ബത്തേരിയെ മൂവർണ്ണ കടലാക്കി മാറ്റി.

ഉച്ചയോടെ കല്പറ്റയിൽ ടി സിദ്ധിക്കിന് വോട്ട് അഭ്യർത്ഥിച്ച് രാഹുൽ ഗാന്ധി സംസാരിച്ചു. അഞ്ചുവര്‍ഷമായി നിരന്തരം ആവശ്യപ്പെട്ടിട്ടും വയനാടിന് സ്വന്തമായൊരു മെഡിക്കല്‍ കോളേജ് പോലും അനുവദിക്കാതെ പകരം ബോര്‍ഡ് വെക്കുക മാത്രമാണ് നിലവിലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ ചെയ്തതന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ബോര്‍ഡായിരുന്നു പ്രശ്‌നമെങ്കില്‍ ജില്ലയിലുടനീളം നൂറുകണക്കിന് ബോര്‍ഡുകള്‍ വെക്കാന്‍ യു.ഡി.എഫിനാവുമായിരുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വയനാട്ടിലെ ആദിവാസി, കർഷക പ്രശ്നങ്ങൾ പരിഹരിക്കേണ്ടതുണ്ടെന്നും രാഹുൽ കൂട്ടിച്ചേർത്തു.

ബഫര്‍ സോണ്‍ വിഷയത്തില്‍ പാര്‍ലമെന്‍റില്‍ നിന്ന് ലഭിച്ച മറുപടി പ്രകാരം എല്‍.ഡി.എഫ് സര്‍ക്കാരില്‍ നിന്നുള്ള റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് ബഫര്‍സോണ്‍ പ്രഖ്യാപനം ഉണ്ടായതെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്. ജനങ്ങളെ ദുരിതത്തിലാക്കുന്ന ഒരു കാര്യത്തിലും സര്‍ക്കാരിന് ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനായില്ലന്നും രാഹുൽ പറഞ്ഞു.മൂന്ന് മണിയോടെ രാഹുൽ ഗാന്ധി കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിൽ റോഡ് ഷോ നടത്തി.പിന്നീട് ഏറനാട് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പികെ ബഷീറിന് വോട്ട് അഭ്യർത്ഥിച്ചു അരീക്കോടിൽ റോഡ് ഷോ നടത്തി. യുഡിഎഫ് കേരളത്തിൽ അധികാരത്തിൽ വന്നാൽ കേരളത്തിൽ പൗരത്വ നിയമം നടപ്പിലാക്കില്ലെന്ന് രാഹുൽ ഗാന്ധി ഉറപ്പ് നൽകി.

ശേഷം തുവ്വൂരിലെത്തിയ രാഹുൽ ഗാന്ധിക്ക് യു.ഡി.എഫ് പ്രവർത്തകരും, നാട്ടുകാരും ചേർന്ന് ഉജ്യ ല സ്വീകരണം നൽകി. തുടർന്ന് രാഹുൽ ഗാന്ധി നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർഥി വിവി പ്രകാശിനായി റോഡ് ഷോ നടത്തി. പല സ്ഥലങ്ങളിലും ഹെലികോപ്റ്ററിൽ വന്നിറങ്ങുന്ന രാഹുലിനെ കാണാൻ ആളുകൾ മണിക്കൂറുകള്‍ മുമ്പുതന്നെ എത്തിയിരുന്നു. സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് പേർ റോഡ്ഷോകളിൽ അണിനിരന്നു. പല വേദികളിലും പ്രസംഗം നടത്തിയ ശേഷം സുരക്ഷാ ഉദ്യോഗസ്ഥർ തീർത്ത വലയം ഭേദിച്ച് ജനങ്ങളിലേക്കിറങ്ങി. പിന്നെ പ്രവർത്തകരുടെ കൂടെ സൽഫിയെടുത്തും, യാത്ര പറഞ്ഞുമാണ് അടുത്ത പരിപാടി സ്ഥലങ്ങളിലേക്ക് നീങ്ങിയിരുന്നത്. വയനാട് മണ്ഡലത്തിലെ മുഴുവൻ പരിപാടികളിലും ഹൃദ്യമായ സ്വീകരണം തന്നെ അദ്ദേഹത്തിന് നൽകി.