വയനാടിന്‍റെ കാര്‍ഷിക വിളകളെ പരിചയപ്പെടുത്തി രാഹുല്‍ ഗാന്ധിയുടെ കലണ്ടര്‍ | Download

 

വയനാടിന്‍റെ കാര്‍ഷിക വിളകളെ പരിചയപ്പെടുത്തിയും വിളകളുമായി ബന്ധപ്പെട്ട സമഗ്രവിവരങ്ങള്‍ ഉള്‍പ്പെടുത്തിയും രാഹുല്‍ഗാന്ധി എംപിയുടെ കലണ്ടര്‍. കഴിഞ്ഞ വര്‍ഷം മണ്ഡലത്തിലെ ശ്രദ്ധേയ വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തിയായിരുന്നു കലണ്ടര്‍ പുറത്തിറക്കിയതെങ്കില്‍ ഇത്തവണ ‘നമ്മുടെ നാട്, നമ്മുടെ വിള’ എന്ന ആശയത്തിലൂന്നിയാണ് കലണ്ടര്‍ പുറത്തിറക്കിയിരിക്കുന്നത്. ഓരോ മാസവും ഓരോ വിളകളെ പരിചയപ്പെടുത്തുന്ന രീതിയിലാണ് കലണ്ടറിലെ താളുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

ഓരോ വിളയിലും വയനാടന്‍ ജനതയുടെ സ്വത്വവും ചരിത്രവും രേഖപ്പെടുത്തിയിരിക്കുന്നുവെന്നും, ഈ കലണ്ടറിലെ വിളകളുടെ ചിത്രങ്ങള്‍ വയനാടന്‍ ജനതക്കുള്ള സമര്‍പ്പണമാണെന്നും രാഹുല്‍ ഗാന്ധി ഒന്നാംപേജില്‍ തന്നെ കുറിച്ചിട്ടിട്ടുണ്ട്. വയനാടന്‍ തനിമയുടെ എല്ലാ സൗന്ദര്യവും ഒപ്പിയെടുക്കുന്ന ഈ കലണ്ടറിലെ ഉല്പന്നങ്ങള്‍ ഒരു ആഗോള വിപണി അര്‍ഹിക്കുന്നതാണ്. സുഗന്ധത്തിന് പേരു കേട്ട ഗന്ധകശാല അരി, വയനാടന്‍ റോബസ്റ്റ കാപ്പി, കുരുമുളക്, ഇഞ്ചി എന്നിവയെല്ലാം ലോകമാകെയുള്ള പ്രധാന ചില്ലറ വ്യാപാരികളുടെ ഷെല്‍ഫുകളില്‍ ഇടം പിടിക്കേണ്ടതുണ്ട്. ‘നമ്മുടെ വയനാട്’ എന്ന ബ്രാന്‍റിന്‍റെ മഹിമ നമ്മെ അഭിമാനം കൊള്ളിക്കുമെന്ന് തീര്‍ച്ചയുണ്ട് എന്നും രാഹുല്‍ കലണ്ടറിന്‍റെ ആമുഖത്തില്‍ വ്യക്തമാക്കുന്നു.

എന്‍റെ നാട്ടിലേക്ക് വര്‍ഷങ്ങള്‍കൊണ്ട് എന്നെ ഈ മണ്ണിന്‍റെ ഭാഗമാക്കിയ എന്‍റെ വയനാട്ടിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തുകൊണ്ടാണ് രാഹുല്‍ ഈ ആമുഖം അവസാനിപ്പിക്കുന്നത്. ജനുവരിയില്‍ വാഴപ്പഴത്തെയാണ് കലണ്ടറില്‍ പരിചയപ്പെടുത്തിയിരിക്കുന്നത്. എത്ര ഹെക്ടര്‍ ഭൂമിയില്‍ കൃഷി ചെയ്യുന്നു, എത്ര കര്‍ഷകര്‍ കൃഷിചെയ്യുന്നു, ആകെയുള്ള ഉല്പാദനത്തിന്‍റെ അളവ്, എത്ര ഇനങ്ങള്‍ കൃഷി ചെയ്യുന്നു എന്നിങ്ങനെയുള്ള വാഴയെ കുറിച്ചുള്ള സമഗ്രവിവരങ്ങള്‍ ആദ്യമാസത്തെ പേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. തുടര്‍ന്ന് വിവിധ മാസങ്ങളിലായി യഥാക്രമം ഇഞ്ചി, ജാതി, കാപ്പി, കുരുമുളക്, കൊക്കോ, മഞ്ഞള്‍, നെല്ല്, ഏലം, ഗ്രാമ്പൂ, നാളികേരം, കാട്ടുതേന്‍ എന്നിങ്ങനെ വിവിധ വിളകളെയും പരിചയപ്പെടുത്തിയിട്ടുണ്ട്.

2076 ഗോത്രവിഭാഗത്തില്‍പ്പെട്ടവരാണ് മണ്ഡലത്തില്‍ കാടുകളില്‍ നിന്നും തേന്‍ ശേഖരിക്കുന്നത്. 23,970 ലിറ്റര്‍ കാട്ടുതേന്‍ മണ്ഡലത്തില്‍ നിന്നും ശേഖരിച്ചതായും കലണ്ടറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ ഓരോ വിളകളെ സംബന്ധിച്ചുമുള്ള സമഗ്രമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് കലണ്ടര്‍ പുറത്തിറക്കിയിരിക്കുന്നത്. മലയാളത്തിന് പുറമെ വയനാടിന്‍റെ വിളകളെ കേരളത്തിന് പുറത്ത് പരിചയപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഇംഗ്ലീഷിലും കലണ്ടര്‍ പുറത്തിറക്കിയിട്ടുണ്ട്.

 

click below to download calendar:

RG_Calendar_English

Comments (0)
Add Comment