വയനാടിനായി വീണ്ടും രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍; ജില്ലാ ആശുപത്രിയിലെത്തിച്ച ആര്‍ത്രോസ്‌കോപ്പി യന്ത്രം പ്രവര്‍ത്തന സജ്ജം

 

കൽപ്പറ്റ:  മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ആര്‍ത്രോസ്‌കോപ്പി മെഷീന്‍ പ്രവര്‍ത്തനസജ്ജമായി. സര്‍ക്കാര്‍ ആശുപത്രികളില്‍ ആദ്യമായാണ് ജില്ലയില്‍ ഈ സംവിധാനം പ്രാവര്‍ത്തികമാവുന്നത്. രാഹുല്‍ ഗാന്ധി എം പിയുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്നും 26,50,000 രൂപ ചിലവഴിച്ചാണ് സന്ധികളിലുണ്ടാകുന്ന രോഗ നിര്‍ണയത്തിനും താക്കോല്‍ദ്വാര ശസ്ത്രക്രിയ അടക്കമുള്ള ചികിത്സക്കും ഉപയോഗിക്കുന്ന ആര്‍ത്രോസ്‌കോപി മെഷീന്‍ സജ്ജമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ജില്ലാ ആശുപത്രിയില്‍ മെഷീന്‍ സ്ഥാപിച്ചത്. നിലവില്‍ കൊവിഡ് ആശുപത്രിയായതിനാല്‍ പിന്നീടായിരിക്കും ചികിത്സ ആരംഭിക്കുകയെന്ന് സൂപ്രണ്ട് ഡോ. ദിനേഷ്‌കുമാര്‍ പറഞ്ഞു.

കാല്‍മുട്ട്, തോള്‍, കണങ്കാല്‍, കൈമുട്ട്, കൈ ത്തണ്ട എന്നിങ്ങനെ സന്ധികളിലുണ്ടാകുന്ന വീക്കം, മറ്റ് പരിക്കുകള്‍, കേടുപാടുകള്‍ ഇവ അനായാസം കണ്ടെത്തി ചികിത്സ ലഭ്യമാക്കുന്നതിനാണ് ഈ ഉപകരണം ഉപയോഗിക്കുന്നത്. ഇത്തരം ചികിത്സകള്‍ക്കായി മറ്റ് ജില്ലകളെയും, സംസ്ഥാനങ്ങളെയും ആശ്രയിക്കേണ്ട സാഹചര്യമായിരുന്നു നിലവില്‍ ഉണ്ടായിരുന്നത്. ഉയര്‍ന്ന ചിലവ് വരുന്ന ഈ ചികിത്സ സാധാരണക്കാര്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നതായിരുന്നു. സ്വകാര്യ ആശുപത്രികളിലു മറ്റും ലക്ഷങ്ങള്‍ ചിലവ് വരുന്ന ഈ ചികിത്സ നടത്താനാവാതെ ദുരിതത്തിലായ നിരവധി പേരാണ് ജില്ലയിലുള്ളത്. ഇവര്‍ക്ക് അധികം വൈകാതെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ തന്നെ ചികിത്സ ലഭ്യമാകും. സന്ധികളില്‍ ഒരു ചെറിയ മുറിവുണ്ടാക്കി ക്യാമറയും, പ്രകാശവുമുള്ള ആര്‍ത്രോസ്‌കോപ്പ് എന്ന വളരെ ചെറിയ ഉപകരണം കടത്തിവിട്ടാണ് രോഗം നിര്‍ണയിക്കുക.

സന്ധികളില്‍ അണുവിമുക്തമായ ദ്രാവകം ഉപയോഗിച്ചുകൊണ്ട് രോഗം കണ്ടെത്തി ഏത് തരം ശസ്ത്രക്രിയയാണ് വേണ്ടതെന്ന് നിശ്ചയിക്കുന്നതാണ് ഈ ഉപകരണം ഉപയോഗിച്ചുള്ള പരിശോധനാരീതി. പ്രധാനമായും താക്കോല്‍ദ്വാര ശസ്ത്രക്രിയയാണ് ചികിത്സക്കായി ഉപയോഗിക്കുന്നത്. സ്‌പോര്‍ട്‌സ് താരങ്ങള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ ഒരുപോലെ പ്രയോജനപ്പെടുത്താവുന്ന ശസ്ത്രക്രിയാ രീതി കൂടിയാണിത്.

വയനാട്ടുകാരുടെ ഏറെക്കാലത്തെ ആഗ്രഹമാണ് രാഹുല്‍ഗാന്ധി എം പിയിലൂടെ ഇപ്പോള്‍ സാധ്യമായിരിക്കുന്നത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാനന്തവാടി ജില്ലാ ആശുപത്രിയില്‍ രാഹുല്‍ഗാന്ധി എം പി വെന്‍റിലേറ്റര്‍ സ്ഥാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആര്‍ത്രോസ്‌കോപ്പി മെഷീന്‍ കൂടി വയനാട് എം പിയുടെ ഇടപെടലിലൂടെ സാധ്യമായിരിക്കുന്നത്. സന്ധികളിലെ വേദനകളടക്കമുള്ള ബുദ്ധിമുട്ടുകള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് ഏറെ പ്രയോജനപ്രദമായ ചികിത്സാസംവിധാനമാണ് രാഹുല്‍ ഗാന്ധിയുടെ ഇടപെടലിലൂടെ സാധ്യമായിരിക്കുന്നതെന്ന് ഡി സി സി പ്രസിഡന്‍റ് ഐ സി ബാലകൃഷ്ണന്‍ എം എൽ എ വ്യക്തമാക്കി.

Comments (0)
Add Comment