തൊഴിലുറപ്പ് പദ്ധതിയെ കേന്ദ്ര സർക്കാർ അവഗണിക്കുന്നു; തൊഴില്‍ ദിനങ്ങളും വേതനവും വർധിപ്പിക്കണമെന്ന് രാഹുല്‍ ഗാന്ധി

Jaihind Webdesk
Saturday, July 2, 2022

വയനാട്: മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ തൊഴിൽ ദിനങ്ങൾ 200 ആയി വർധിപ്പിക്കണമെന്ന് രാഹുൽ ഗാന്ധി എംപി. ദിവസ വേതനം 400 രൂപയായി വർധിപ്പിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. തൊഴിലുറപ്പ് പദ്ധതിയെ പ്രധാനമന്ത്രിയും കേന്ദ്ര സർക്കാരും അവഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വയനാട് നെന്മേനി ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് തൊഴിലാളി സംഗമം കോളിയാടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഹുല്‍ ഗാന്ധി.

പ്രാദേശിക തലത്തിൽ ഓരോ ആളുകളുടെ ജീവിതത്തെയും തൊഴിലുറപ്പ് പദ്ധതി സ്വാധീനിച്ചിട്ടുണ്ട്. യുപിഎ സർക്കാരാണ് തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കിയത്. കോൺഗ്രസിന്‍റെ അഭിമാനമായ പദ്ധതിയാണിത്. മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി വരുന്നതിനുമുമ്പ് മിനിമം കൂലി എന്നത് വെറും സങ്കല്‍പ്പം മാത്രമായിരുന്നു. രാജ്യത്തെ പ്രധാന മന്ത്രി തൊഴിലുറപ്പ് പദ്ധതിയെ തള്ളി പറഞ്ഞപ്പോൾ ഞെട്ടലാണുണ്ടായതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്തിന്‍റെ സമ്പത്ത് ശോഷിപ്പിക്കുന്നതാണ് തൊഴിലുറപ്പ് പദ്ധതി എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. അത് സാമ്പത്തികമായി താഴേ തട്ടിലുള്ള ജനങ്ങളുടെ ജീവിതത്തെ എത്രമാത്രം സ്വാധീനിച്ചു എന്ന് പ്രധാനമന്ത്രിക്ക് അറിയില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. തൊഴിൽ ഉറപ്പ് പദ്ധതിയിൽ 200 തൊഴിൽ ദിനങ്ങളും ദിവസ വേതനം 400 രൂപയും ആക്കണം. തൊഴിലുറപ്പ് പദ്ധതി മറ്റു മേഖലകളിലേക്ക് വ്യാപിപ്പിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട മേഖലയിലെ ആവശ്യം കേന്ദ്ര സർക്കാർ ഗൗരവത്തോടെ കാണണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. 60 വയസ് കഴിഞ്ഞ് നൂറ് തൊഴിൽ ദിനങ്ങൾ നടപ്പിലാക്കിയവരെ രാഹുൽ ഗാന്ധി ആദരിച്ചു. അശ്വൻ എന്ന വിദ്യാർത്ഥി വരച്ച ചിത്രം രാഹുല്‍ ഗാന്ധിക്ക് കൈമാറി. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ രാഹുൽ ഗാന്ധി ആദരിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ചടങ്ങിൽ സംബന്ധിച്ചു. എംഎൽഎമാരായ ഐ.സി ബാലകൃഷ്ണൻ, ടി സിദ്ദിഖ് തുടങ്ങിയവർ സംസാരിച്ചു.