ലോക്സഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി വ്യാഴാഴ്ച പട്‌നയിലെ മാളില്‍ തിരഞ്ഞെടുക്കപ്പെട്ട പ്രേക്ഷകര്‍ക്കൊപ്പം ‘ഫൂലെ’ എന്ന സിനിമ കണ്ടു. പത്തൊന്‍പതാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്‌കര്‍ത്താക്കളായ ജ്യോതിറാവു ഫൂലെയുടെയും സാവിത്രിഭായ് ഫൂലെയുടെയും ജീവിതത്തെ ആസ്പദമാക്കി അടുത്തിടെ പുറത്തിറങ്ങിയ ബയോപിക് ആണിത്.
ദര്‍ഭംഗയില്‍ വിദ്യാര്‍ത്ഥികളുമായുള്ള സംവാദത്തോടെയാണ് രാഹുല്‍ ഗാന്ധി ബീഹാറിലെ തന്റെ ഒരു ദിവസത്തെ പര്യടനം ആരംഭിച്ചത്. തുടര്‍ന്ന് ഹെലികോപ്റ്ററില്‍ സംസ്ഥാന തലസ്ഥാനത്തെത്തിയ അദ്ദേഹം, നഗരത്തിലെ മള്‍ട്ടിപ്ലക്‌സുള്ള സിറ്റി സെന്റര്‍ മാളിലെ പിവിആറിലേക്കാണ് നേരിട്ടെത്തിയത്.
സാമൂഹ്യനീതിക്കുവേണ്ടിയുള്ള തന്റെ പോരാട്ടങ്ങള്‍ക്ക് സിനിമ പ്രചോദനവും ശക്തിയും നല്‍കുമെന്നതിനാലാണ് രാഹുല്‍ ഗാന്ധി സിനിമ കാണാന്‍ ആഗ്രഹിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് അഭയ് ദുബെ നേരത്തെ വ്യക്തമാക്കിയിരുന്നു.
നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും സാമൂഹിക പ്രവര്‍ത്തകരും രാഹുല്‍ ഗാന്ധിക്കൊപ്പം സിനിമ കാണാനെത്തിയിരുന്നു. ഇതിനായി പ്രത്യേക പാസും തയ്യാറാക്കിയിരുന്നു
ദളിതര്‍ക്കും ആദിവാസികള്‍ക്കും ഒബിസികള്‍ക്കും വേണ്ടി തെരുവു മുതല്‍ പാര്‍ലമെന്റ് വരെ പോരാടാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്ന ശക്തമായ സന്ദേശമാണ് രാഹുല്‍ ഗാന്ധി നല്‍കിയതെന്ന് പട്‌ന (റൂറല്‍) ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റ് ഉദയ് ചന്ദ്രവംശി പറഞ്ഞു