ന്യൂയോര്‍ക്ക്: ഇന്ത്യയെക്കുറിച്ചു പാക്കിസ്ഥാന്‍ സംഘത്തലവന്‍ നടത്തിയ പരാമര്‍ശത്തിന് മാദ്ധ്യമ പ്രവര്‍ത്തകരുടെ തിരുത്ത് . ഐക്യരാഷ്ട്രസഭയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പാകിസ്ഥാന്‍ മുന്‍ വിദേശകാര്യ മന്ത്രിയും പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) ചെയര്‍മാനുമായ ബിലാവല്‍ ഭുട്ടോ സര്‍ദാരിക്കാണ് പരസ്യമായി നാണംകെട്ടത്. ഇന്ത്യയില്‍ മുസ്ലീങ്ങളെ ‘demonised ‘ (പൈശാചികവല്‍ക്കരിക്കുന്നു) ചെയ്യുന്നു എന്ന് അടിസ്ഥാനരഹിതമായി ആരോപിച്ചതാണ് ഒരു മാധ്യമപ്രവര്‍ത്തകന്‍ വസ്തുതകള്‍ നിരത്തി ചോദ്യം ചെയ്തു തിരുത്തിയത് .
കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന്റെ നിലപാട് ആവര്‍ത്തിക്കവെയാണ് യുഎന്നിലെ ഇസ്ലാമാബാദിന്റെ നയതന്ത്ര സംഘാംഗമായ ഭുട്ടോ ഈ പരാമര്‍ശം നടത്തിയത്. 26 സാധാരണക്കാര്‍ കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരാക്രമണം ഇന്ത്യന്‍ മുസ്ലീങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ ഇന്ത്യ രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്നും ഭൂട്ടോ ആരോപിച്ചു.
എന്നാല്‍, ഈ വാദത്തെ അവിടെയുണ്ടായിരുന്ന ഒരു മാധ്യമപ്രവര്‍ത്തകന്‍ ശക്തമായി എതിര്‍ക്കുകയായിരുന്നു. ‘കശ്മീരിലെ സമീപകാല ഭീകരാക്രമണം ഇന്ത്യയിലെ മുസ്ലീങ്ങളെ മോശമായി ചിത്രീകരിക്കാനുള്ള രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കുന്നു എന്ന് താങ്കള്‍ പറഞ്ഞു. എന്നാല്‍, ഞാന്‍ ഇരുവശത്തുമുള്ള ബ്രീഫിംഗുകള്‍ കണ്ടിട്ടുണ്ട്, ഇന്ത്യന്‍ ഭാഗത്ത് ബ്രീഫിംഗ് നടത്തിയത് മുസ്ലീം മതവിഭാഗത്തിലുള്ള ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരായിരുന്നു,’ എന്ന് മാധ്യമപ്രവര്‍ത്തകന്‍ ചൂണ്ടിക്കാട്ടി.
ഓപ്പറേഷന്‍ സിന്ദൂര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സൈനിക നീക്കങ്ങളെക്കുറിച്ചുള്ള മാധ്യമങ്ങളെ കണ്ട കേണല്‍ സോഫിയ ഖുറേഷി, വിംഗ് കമാന്‍ഡര്‍ വ്യോമിക സിംഗ് തുടങ്ങിയ വനിതാ ഉദ്യോഗസ്ഥരെയായിരുന്നു മാധ്യമപ്രവര്‍ത്തകന്‍ പരാമര്‍ശിച്ചത്. ഈ പരാമര്‍ശം ഭുട്ടോയെ അസ്വസ്ഥനാക്കി. ഇതിന് മറുപടി നല്‍കാന്‍ കഴിയാതെ ‘നിങ്ങള്‍ പറഞ്ഞത് തികച്ചും ശരിയാണ്’ എന്ന് അദ്ദേഹം സമ്മതിക്കുകയായിരുന്നു.
പഹല്‍ഗാം കൂട്ടക്കൊലയ്ക്ക് ശേഷം ന്യൂഡല്‍ഹിയുടെ നിലപാട് വിവിധ രാജ്യങ്ങളെ അറിയിക്കാന്‍ ശശി തരൂര്‍, അസദുദ്ദീന്‍ ഒവൈസി തുടങ്ങിയ പ്രതിപക്ഷ നേതാക്കള്‍ ഉള്‍പ്പെട്ട സര്‍വ്വകക്ഷി പാര്‍ലമെന്ററി സംഘം സന്ദര്‍ശനം നടത്തിയ ഇന്ത്യയുടെ നയതന്ത്ര നീക്കങ്ങള്‍ക്ക് സമാനമായി പാകിസ്ഥാനും പ്രതിനിധി സംഘത്തെ വിവിധ രാജ്യങ്ങളിലേയ്ക്ക് അയച്ചിരുന്നു. ‘ഓപ്പറേഷന്‍ സിന്ദൂറി’ന് ശേഷം പാക്ക് ഭാഷ്യവുമായി പാര്‍ലമെന്ററി പ്രതിനിധി സംഘത്തെ നയിച്ചാണ് ബിലാവല്‍ ഭുട്ടോ അമേരിക്കയില്‍ എത്തിയിരിക്കുന്നത്.