അതിവേഗം സുഖംപ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു; ജെയ്റ്റ്‌ലിക്ക് രാഹുല്‍ ഗാന്ധിയുടെ സ്‌നേഹ സന്ദേശം

Jaihind Webdesk
Wednesday, January 16, 2019

ന്യൂഡല്‍ഹി: വൃക്കരോഗത്തെതുടര്‍ന്ന് ചികിത്സയിലുള്ള കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് സ്‌നേഹ സന്ദേശവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ‘ജെയ്റ്റ്‌ലിജിയുടെ രോഗവിവരം അസ്വസ്ഥനാക്കി. ആശയങ്ങളുടെ പേരില്‍ ഞങ്ങള്‍ ദിവേസന പോരാടിയിരുന്നു. ഞാനും കോണ്‍ഗ്രസ് പാര്‍ട്ടിയും അദ്ദേഹം അതിവേഗം സുഖംപ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു. ഈ വിഷമഘട്ടത്തില്‍ ഞങ്ങള്‍ നൂറുശതമാനവും നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനുമൊപ്പമുണ്ട്’- ട്വിറ്ററില്‍ രാഹുല്‍ കുറിച്ചു.

2018 മെയ് 14ന് വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ അരുണ്‍ ജെയ്റ്റ്‌ലി കഴിഞ്ഞ 9 മാസമായി വിദേശയാത്രകളൊന്നും നടത്തിയിരുന്നില്ല. എന്നാല്‍ ഞായറാഴ്ച അപ്രതീക്ഷിതമായി ജെയ്റ്റ്‌ലി മെഡിക്കല്‍ പരിശോധനക്കായി അമേരിക്കയിലേക്ക് പോവുകയായിരുന്നു. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കെയാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അമേരിക്കയിലേക്ക് മെഡിക്കല്‍ പരിശോധനക്ക് പോയത്.