ജനങ്ങളുമായി  സംവദിക്കാൻ വീഡിയോ പരമ്പരയുമായി രാഹുൽ ഗാന്ധി; ആദ്യ വീഡിയോ ഇന്ന്

Jaihind News Bureau
Tuesday, July 14, 2020

 

ജനങ്ങളുമായി  സംവദിക്കാൻ വീഡിയോ പരമ്പരയുമായി രാഹുൽ ഗാന്ധി. ആദ്യ വീഡിയോ ഇന്ന് പുറത്ത് വിടും. സമകാലിക വിഷയങ്ങളിലെ യഥാർത്ഥ്യം തുറന്നുകാണിക്കുകയാണ് വീഡിയോയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ‘നമ്മുടെ നിലവിലെ അവസ്ഥയുമായി ബന്ധപ്പെട്ട കാര്യങ്ങൾ, ചരിത്രം, പ്രതിസന്ധികൾ എന്നിവയെക്കുറിച്ച് വ്യക്തവും സത്യത്തോട് താൽപ്പര്യമുള്ളവർക്ക് ആശ്രയിക്കാവുന്നതുമായ തരത്തിൽ ആശയ വിനിമയം നടത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു’- രാഹുൽ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

രാജ്യത്തെ വാർത്ത മാധ്യമങ്ങളിലെ വലിയൊരു വിഭാഗം ഫാസിസ്റ്റ് താൽപ്പര്യങ്ങൾ പിടിച്ചെടുത്തു എന്ന രാഹുൽ ഗാന്ധിയുടെ ട്വീറ്റിന് പിന്നാലെയാണ് വീഡിയോ പരമ്പര എത്തുന്നത്. ടെലിവിഷൻ ചാനലുകൾ, വാട്സ്ആപ്പ് ഫോർവേഡുകൾ, തെറ്റായ വാർത്തകൾ എന്നിവയിലൂടെ വിദ്വേഷം നിറഞ്ഞ ഒരു വിവരണം പ്രചരിപ്പിക്കപ്പെടുന്നു. ഈ നുണകളുടെ വിവരണം ഇന്ത്യയെ കീറിമുറിക്കുകയാണെന്ന് രാഹുൽ ഗാന്ധി ഇന്നലെ വിമർശനം ഉന്നയിച്ചിരുന്നു.