‘നാം ഈ പ്രതിസന്ധിയെ അതിജീവിക്കും, എന്‍റെ രാജ്യത്തിന്‍റെ ഡിഎന്‍എ എനിക്കറിയാം’; മോദിയുടേത് സ്വേച്ഛാധിപത്യ മനോഭാവമെന്നും രാഹുല്‍ ഗാന്ധി| VIDEO

 

കൊവിഡ് പ്രതിരോധത്തിലെ വീഴ്ചകളില്‍ കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. കേന്ദ്ര സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനമെടുക്കുകയാണ് ചെയ്യുന്നതെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. അതേസമയം രാജ്യം തിരിച്ചുവരവ് നടത്തുമെന്നും രാജ്യത്തിന്‍റെ ഡി.എന്‍.എ തനിക്ക് അറിയാമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ദീർഘവീക്ഷണമില്ലാതെ നടപ്പിലാക്കിയ ലോക്ക്ഡൗണ്‍ രാജ്യത്തെ ജനങ്ങളെ ദുരിതത്തിലാക്കി. ഏകപക്ഷീയമായ തീരുമാനങ്ങളാണ് സർക്കാർ നടപ്പാക്കുന്നത്. അതിന്‍റെ ഫലം എല്ലാവരും കണ്ടതാണ്. ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ തങ്ങളുടെ സ്വദേശം ലക്ഷ്യമാക്കി ആയിരത്തോളം കിലോമീറ്ററുകള്‍ കാല്‍നടയായി താണ്ടുന്ന കാഴ്ച. ഇത്തരം സാഹചര്യമുണ്ടാക്കുന്ന നേതൃത്വം വന്‍ പരാജയമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

‘ഏറ്റവും മോശം അവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. നാം ഇതിനെ അതിജീവിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്. കാരണം എന്‍റെ രാജ്യത്തിന്‍റെ ഡി.എന്‍.എ എനിക്ക് മനസിലാകും. ആയിരക്കണക്കിന്‌ വര്‍ഷങ്ങളായിട്ടുള്ള അതിന്‍റെ ഡി.എന്‍.എ ഒരിക്കലും മാറ്റാനാകില്ല’ – രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇന്ത്യയിലും അമേരിക്കയിലും നിലവിലെ സാഹചര്യവും   രാഹുൽ ഗാന്ധിയും അംബാസഡർ നിക്കോളാസ് ബേൺസും തമ്മിൽ നടന്ന സഭാഷനത്തിൽ ചർച്ചയായി. ഇരു രാജ്യങ്ങളുടെയും ഏറ്റവും വലിയ പാരമ്പര്യങ്ങളിൽ ഒന്നായിരുന്ന സഹിഷ്ണുത ഇപ്പോൾ കാണാൻ കഴിയുന്നില്ല എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ജനങ്ങൾക്ക് ഇടയിൽ വിഭാഗീയത സൃഷ്‌ടിക്കുന്നത് രാജ്യത്തെ ദുർബലപ്പെടുത്തും. രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സ്വേച്ഛാധിപത്യ മനോഭാവമാണ് നരേന്ദ്ര മോദി സ്വീകരിക്കുന്നത് എന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

അമേരിക്കയിൽ വംശീയത വീണ്ടും മടങ്ങി എത്തി എന്ന് നിക്കോളാസ് ബേൺസ് പറഞ്ഞു. സമാധാനമായി പ്രതിഷേധിക്കുന്നവരെ തീവ്രവാദികളായാണ് ട്രംപ് പരിഗണിക്കുന്നത്. കോവിഡ് സാഹചര്യത്തിൽ അന്താരാഷ്ട്ര സഹകരണം ആവശ്യമാണ്. ട്രംപ് സ്വേച്ഛാധിപത്യ വ്യക്തിത്വമാണ് എന്നും ബേൺസ് അഭിപ്രായപ്പെട്ടു.

പ്രതിസന്ധിയുടെ ഈ ഘട്ടത്തില്‍ മുമ്പത്തേതിനെക്കാള്‍ ആളുകള്‍ ഒന്നിച്ചുനില്‍ക്കുന്നത് കാണാനാകുന്നുണ്ട്. ഒന്നിച്ച് നില്‍ക്കുന്നതിന്‍റെ ഗുണമെന്താണെന്ന് ജനം തിരിച്ചറിയുന്നതായും രാഹുല്‍ ഗാന്ധി പറഞ്ഞു. യു.എസ് മുന്‍ നയതന്ത്രജ്ഞന്‍ നിക്കോളാസ് ബേണ്‍സുമായി നടത്തിയ സംഭാഷണത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

Comments (0)
Add Comment